തിരുവനന്തപുരം: സ്കൂൾ പാഠപുസ്തക വിതരണം നേരത്തെ ആക്കിയതിനെ പരിഹസിച്ച രമേശ് ചെന്നിത്തലയെ വിമർശിച്ച് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. മുൻപ് യുഡിഎഫ് സർക്കാരുകളുടെ കീഴിൽ അധ്യയന വർഷം ആരംഭിച്ചിട്ടും പാഠപുസ്തകങ്ങൾ ലഭിക്കാതെ ഫോട്ടോസ്റ്റാറ്റ് കോപ്പി മാത്രം വച്ച് പഠിച്ച ഒരു കാലം നമ്മൾക്ക് ഉണ്ടായിരുന്നു, അതിൽ നിന്നെല്ലാം നമ്മുടെ നാടും വിദ്യാഭ്യാസ സമ്പ്രദായങ്ങളും ഇന്ന് ഏറെ മാറിയെന്നും മന്ത്രി ഓർമിപ്പിച്ചു.

പൊതുവിദ്യാഭാസ രംഗത്ത് നമ്മുടെ സർക്കാർ വിപ്ലവകരമായ മാറ്റങ്ങളുമായി മുന്നോട്ട് പോകുമ്പോൾ ഈ നേട്ടത്തെ മുൻ പ്രതിപക്ഷ നേതാവ് ‘തുഗ്ലക്ക് പരിഷ്കാരം’ എന്ന് ആക്ഷേപിക്കുന്നത് അപലപനീയമാണെന്നും ഗണേഷ് കുമാർ ചൂണ്ടിക്കാണിച്ചു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.