കൊച്ചി: ഇടപ്പള്ളിയിൽ വനിതാ ഡോക്ടറുടെ മുറിയിൽ കയറി മോഷണം നടത്തിയ പ്രതിയെ പിടികൂടി. 19കാരനാണ് പ്രതി. വിരലടയാളം പിന്തുടർന്നിട്ടുള്ള ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് പ്രതിയെ മൂന്നാറിൽ നിന്നും പിടികൂടാൻ സാധിച്ചത്. വനിതാ ഡോക്ടറുടെ നാലേകാൽ ലക്ഷം രൂപയുടെ സാധനങ്ങളാണ് ഇയാൾ കവർന്നത്.
സംഭവത്തിൽ തമിഴ്നാട് മധുര സ്വദേശിയായ സതീഷ് കുമാറിനെയാണ് എളമക്കര പോലീസ് അറസ്റ്റ് ചെയ്തത്. ഡിസംബർ 23ന് ഇടപ്പള്ളിയിലെ സ്വകാര്യ ഹോട്ടലിലെ 103ആം നമ്പർ മുറിയിൽ കയറിയാണ് സതീഷ് സാധനങ്ങൾ കവർന്നത്.
ആലപ്പുഴ സ്വദേശിയായ ഡോക്ടർ ഷഹാനയാണ് ഇവിടെ താമസിക്കുന്നത്. ഇവർ വാതിൽ പൂട്ടാതെ പുറത്തു പോയപ്പോഴാണ് മുറിയിൽ ഉണ്ടായിരുന്ന ലക്ഷങ്ങളുടെ സാധനങ്ങൾ സതീഷ് മോഷ്ടിച്ചത്. പിന്നീട് സിസിടിവി പരിശോധിച്ചതിൽ നിന്നും മോഷ്ടാവ് ഓട്ടോയിൽ ചക്കരപ്പറമ്പിൽ ആക്രിക്കടയിൽ പോകുന്ന ദൃശ്യം പോലീസിനെ ലഭിച്ചു. എന്നാൽ ആരാണിതെന്ന് കണ്ടെത്താൻ സാധിച്ചിരുന്നില്ല. പിന്നീട് മുറിയിൽ നിന്നും വിരലടയാളത്തിന്റെ തുമ്പ് പിടിച്ചു നടത്തിയ അന്വേഷണത്തിനുള്ളിലാണ് മൂന്നാറിൽ ഒളിച്ചു താമസിച്ച പ്രതിയെ കണ്ടെത്തുവാൻ സാധിച്ചത്.
