ആറ്റിങ്ങൽ: സ്കൂളിലേക്ക് പോയ രണ്ട് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളെ കാണാതായ സംഭവത്തില്‍ ആറ്റിങ്ങല്‍ പോലീസ് അന്വേഷണം ആരംഭിച്ചു. വിദ്യാർത്ഥിനികളായ ശ്രീവൈഗയെയും എയ്ഞ്ചലിനെയുമാണ് ഇന്ന് രാവിലെ മുതല്‍ കാണാതായത്. രാവിലെ പതിവുപോലെ യൂണിഫോം ധരിച്ച്‌ സ്കൂളിലേക്ക് പോയതാണ് ഇരുവരും. ആറ്റിങ്ങല്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനികളാണ്.

വൈകുന്നേരമായിട്ടും കുട്ടികള്‍ വീട്ടില്‍ തിരിച്ചെത്താത്തതോടെ രക്ഷിതാക്കള്‍ അന്വേഷണം നടത്തി. ആദ്യം ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളില്‍ അന്വേഷണം നടത്തിയെങ്കിലും യാതൊരു വിവരവും ലഭിക്കാതായതോടെയാണ് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയത്. കാണാതായ വിദ്യാർത്ഥിനികളില്‍ ഒരാള്‍ ചിറയിൻകീഴ് സ്വദേശിനിയും, മറ്റൊരാള്‍ വക്കം സ്വദേശിനിയുമാണ്. കാണാതാകുമ്പോള്‍ ഇരുവരും സ്കൂള്‍ യൂണിഫോം ധരിച്ച നിലയിലായിരുന്നു.

കുട്ടികള്‍ സാധാരണയായി സ്കൂള്‍ വിട്ടു നേരെ വീട്ടിലേക്ക് മടങ്ങുന്നവരാണെന്നും, മുൻപ് ഇത്തരമൊരു സംഭവമുണ്ടായിട്ടില്ലെന്നും രക്ഷിതാക്കള്‍ പോലീസിനെ അറിയിച്ചു. രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആറ്റിങ്ങല്‍ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജ്ജിതമാക്കി. സ്കൂള്‍ പരിസരങ്ങളിലെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും, കുട്ടികളുടെ സുഹൃത്തുക്കളില്‍ നിന്നും സഹപാഠികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.