ലോക്സഭാ സ്പീക്കർ ഓം ബിർളക്കെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. കോൺഗ്രസ് ആണ് സഭാ സെക്രട്ടറി ജനറലിന് ഇത് സംബന്ധിച്ച നോട്ടീസ് കൈമാറിയത്. പാർലമെൻ്റിലെ ചട്ടങ്ങൾ പ്രകാരം റൂൾ 94സി അനുസരിച്ചാണ് നോട്ടീസ് സമർപ്പിച്ചിരിക്കുന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.14-ഓടെയാണ് നോട്ടീസ് നൽകിയതെന്ന് കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയ് അറിയിച്ചു.

ഏകദേശം 119 എംപിമാരുടെ ഒപ്പുകൾ അടങ്ങിയ നോട്ടീസാണ് പ്രതിപക്ഷം നൽകിയിരിക്കുന്നത്. സ്പീക്കറുടെ ഭാഗത്തുനിന്നുണ്ടാകുന്ന പക്ഷപാതപരമായ നിലപാടുകൾ, പ്രതിപക്ഷ എംപിമാർക്ക് സംസാരിക്കാൻ സമയം അനുവദിക്കാത്ത സാഹചര്യം, സഭാനടപടികളിലെ തടസ്സങ്ങൾ എന്നിവയിൽ പ്രതിഷേധിച്ചാണ് ഈ നീക്കം. പ്രതിപക്ഷ നിരയിലെ ഭൂരിഭാഗം കക്ഷികളും ഈ നീക്കത്തെ പിന്തുണയ്ക്കുന്നുണ്ടെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി.

അതേസമയം സ്പീക്കർക്കെതിരായ അവിശ്വാസ പ്രമേയ നോട്ടീസിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഒപ്പുവെച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. പാർലമെന്ററി ജനാധിപത്യത്തിന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കാനാണ് രാഹുൽ ഗാന്ധി ഒപ്പിടാത്തതെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന വിശദീകരണം.

ലോക്സഭാ സ്പീക്കറെ നീക്കം ചെയ്യാനുള്ള നോട്ടീസിൽ പ്രതിപക്ഷ നേതാവ് നേരിട്ട് ഒപ്പിടുന്നത് ഉചിതമല്ലെന്ന് പാർട്ടി തീരുമാനിക്കുകയായിരുന്നു. പാർലമെന്ററി പാരമ്പര്യങ്ങളോടുള്ള ബഹുമാനവും സ്ഥാപനപരമായ മര്യാദയും കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് അവർ കൂട്ടിച്ചേർത്തു.

ബജറ്റ് സമ്മേളനത്തിനിടെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടൽ പുതിയ തലത്തിലേക്ക് എത്തിയിരിക്കുകയാണ്. അസാധാരണമായ സാഹചര്യത്തിലാണ് ഇത്തരമൊരു അസാധാരണ നടപടി സ്വീകരിക്കേണ്ടി വന്നതെന്ന് കോൺഗ്രസ് എംപി മാണിക്കം ടാഗോർ പറഞ്ഞു.

സ്പീക്കറോട് വ്യക്തിപരമായ ബഹുമാനമുണ്ടെങ്കിലും ഭരണഘടനാപരമായ മര്യാദകൾ പാലിക്കപ്പെടുന്നില്ലെന്നും പ്രതിപക്ഷത്തിന് പൊതുപ്രധാന്യമുള്ള വിഷയങ്ങൾ ഉന്നയിക്കാൻ അവസരം ലഭിക്കുന്നില്ലെന്നും അദ്ദേഹം എക്സിൽ (X) കുറിച്ചു. വർഷങ്ങളായുള്ള പരാതികൾക്കൊടുവിലാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് പ്രതിപക്ഷം എത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി.

നേരത്തെ ഫെബ്രുവരി 4-ന് സഭയിലുണ്ടായ ബഹളവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ എംപിമാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയിലെ വനിതാ എംപിമാർ സ്പീക്കർക്ക് കത്ത് നൽകിയിരുന്നു. പ്രതിപക്ഷ അംഗങ്ങൾ സ്പീക്കറുടെ ഡയസിലേക്ക് അതിക്രമിച്ചു കയറിയെന്നും മേശപ്പുറത്ത് കയറി നടപടികൾ തടസ്സപ്പെടുത്തിയെന്നും കത്തിൽ ആരോപിക്കുന്നു. ഇതിന് പിന്നാലെയാണ് സ്പീക്കറെ മാറ്റണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്തെത്തിയത്.