തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ജില്ലകളില്‍ കോണ്‍ഗ്രസ് അതീവ ദുര്‍ബലമെന്ന് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനില്‍ കനഗോലുവിന്റെ സര്‍വേ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് ലഭിച്ചു. തിരുവനന്തപുരം, പാലക്കാട്, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ കോണ്‍ഗ്രസ് ദുര്‍ബലമാണ് എന്നാണ് കനഗോലുവിന്റെ സര്‍വേയില്‍ കണ്ടെത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. വയനാട്, മലപ്പുറം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് കോണ്‍ഗ്രസിന് പ്രതീക്ഷ. ദുര്‍ബലമായ ജില്ലകളില്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തണമെന്നാണ് കനഗോലു നൽകുന്ന മുന്നറിയിപ്പ്.
എന്‍ഡിഎ 14 സീറ്റുകളില്‍ വോട്ട് വിഹിതം വര്‍ധിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ കണ്ടെത്തി. ഈഴവ, നായര്‍ സ്വാധീനമുളള മണ്ഡലങ്ങളില്‍ എന്‍ഡിഎയ്ക്ക് 10 ശതമാനം വോട്ടാണ് വര്‍ധിച്ചത്. കോവളം, കുണ്ടറ, കരുനാഗപ്പളളി, കോട്ടയം മണ്ഡലങ്ങളിലാണ് എന്‍ഡിഎ വോട്ട് വര്‍ധിപ്പിച്ചത്. എന്‍ഡിഎയുടെ വോട്ട് വര്‍ധനവില്‍ കനഗോലു സംഘം ആശങ്ക പ്രകടിപ്പിച്ചു.
