ന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധത്തിൽ പുതിയ ചരിത്രം കുറിച്ചുകൊണ്ട് ഇരുരാജ്യങ്ങളും ഇടക്കാല വ്യാപാര കരാർ (Interim Trade Agreement) പ്രഖ്യാപിച്ചു. മാസങ്ങൾ നീണ്ട ചർച്ചകൾക്കും നികുതി തർക്കങ്ങൾക്കും ഒടുവിലാണ് ഉഭയകക്ഷി വ്യാപാര കരാറിലേക്ക് (BTA) നയിക്കുന്ന ഈ സുപ്രധാന നീക്കം.

വെള്ളിയാഴ്ച പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ, പരസ്പര താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന സമഗ്രമായ കരാറിലേക്ക് നീങ്ങാനുള്ള തങ്ങളുടെ പ്രതിബദ്ധത ഇരുരാജ്യങ്ങളും ആവർത്തിച്ചു.

അടുത്തിടെ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച ധാരണകളുടെ തുടർച്ചയായാണ് ഈ കരാർ. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ചുമത്തിയിരുന്ന 50 ശതമാനം നികുതി 18 ശതമാനമായി കുറയ്ക്കും.

ഇതിന് പകരമായി റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ അവസാനിപ്പിക്കുകയും അമേരിക്കൻ ഉൽപ്പന്നങ്ങൾക്കുള്ള വ്യാപാര തടസ്സങ്ങൾ നീക്കം ചെയ്യുകയും ചെയ്യും. മാർച്ചോടെ ഔദ്യോഗിക കരാറിൽ ഒപ്പിടാനാണ് ലക്ഷ്യമിടുന്നതെന്ന് ഇന്ത്യൻ വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ അറിയിച്ചു.