ദേശീയ ജലപാത കടന്നുപോകുന്നതിനാൽ വലിയ ജലയാനങ്ങൾക്ക് തടസ്സമില്ലാതെ സഞ്ചരിക്കാൻ പാലത്തിന്റെ മധ്യഭാഗം ‘ബോസ്ട്രിങ് ആർച്ച്’ മാതൃകയിലാണ് ഒരുക്കിയിരിക്കുന്നത്. വടുതല, പെരുമ്പളം കരകളിൽ 300 മീറ്റർ വീതിയുള്ള അപ്രോച്ച് റോഡുകളും ഇതിനോടൊപ്പം നിർമ്മിച്ചിട്ടുണ്ട്.
അരൂർ: സംസ്ഥാനത്തെ ഏറ്റവും വലിയ പാലങ്ങളിലൊന്നായ പെരുമ്പളം പാലം ഉദ്ഘാടനത്തിനൊരുങ്ങി. വേമ്പനാട്ടു കായലിനു കുറുകെ അരൂക്കുറ്റിയിൽ നിന്ന് പെരുമ്പളം ദ്വീപിലേക്ക് 1157 മീറ്റർ നീളത്തിലാണ് ഈ പാലം നിർമ്മിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ഈ മാസം പാലം നാടിന് സമർപ്പിക്കുമെന്ന വാർത്താ ആവേശത്തോടെയാണ് പെരുമ്പളം നിവാസികൾ വരവേൽക്കുന്നത്.
1157 മീറ്റർ നീളമുള്ള പാലത്തിന് 11 മീറ്റർ വീതിയാണുള്ളത്. 7.5 മീറ്റർ വീതിയിൽ ഇരുവരിപ്പാതയും ഇരുവശങ്ങളിലും 1.5 മീറ്റർ വീതിയുള്ള നടപ്പാതകളും ക്രമീകരിച്ചിട്ടുണ്ട്. കരയിലെ 2 തൂണുകൾ ഉൾപ്പെടെ ആകെ 34 തൂണുകളിലാണ് പാലം ഉയർന്നുനിൽക്കുന്നത്. ഊരാളുങ്കൽ സൊസൈറ്റിയാണ് പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.
ദേശീയ ജലപാത കടന്നുപോകുന്നതിനാൽ വലിയ ജലയാനങ്ങൾക്ക് തടസ്സമില്ലാതെ സഞ്ചരിക്കാൻ പാലത്തിന്റെ മധ്യഭാഗം ‘ബോസ്ട്രിങ് ആർച്ച്’ മാതൃകയിലാണ് ഒരുക്കിയിരിക്കുന്നത്. വടുതല, പെരുമ്പളം കരകളിൽ 300 മീറ്റർ വീതിയുള്ള അപ്രോച്ച് റോഡുകളും ഇതിനോടൊപ്പം നിർമ്മിച്ചിട്ടുണ്ട്.
ഏകദേശം 10,000 ജനസംഖ്യയുള്ള പെരുമ്പളം ദ്വീപിലേക്ക് കിഫ്ബി ഫണ്ടിൽ നിന്നും 100 കോടി രൂപ വിനിയോഗിച്ചാണ് ഈ ബൃഹദ് പദ്ധതി യാഥാർഥ്യമാക്കിയത്. ചേർത്തല – അരൂക്കുറ്റി റോഡിനെയും വൈക്കം പൂത്തോട്ട, തൃപ്പൂണിത്തുറ സംസ്ഥാന പാതയെയും ബന്ധിപ്പിക്കുന്ന റോഡ് ശൃംഖലയുടെ ആദ്യഘട്ടം കൂടിയാണ് ഈ പാലം.
പാലത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരാഴ്ച നീണ്ടുനിൽക്കുന്ന വിപുലമായ ആഘോഷ പരിപാടികളാണ് ദ്വീപ് നിവാസികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.