ഇംഫാല്‍: മണിപ്പൂരിലെ രാഷ്‌ട്രപതി ഭരണത്തിന് അവസാനം. സംസ്ഥാനത്തെ മുഖ്യമന്ത്രിയായി യുംനം ഖേംചന്ദ് സിംഗ് അധികാരമേറ്റു. വൈകിട്ട് ആറ് മണിയോടെയാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്‌തത്. ബിജെപി നിയമസഭാ കക്ഷിനേതാവായി അദ്ദേഹത്തെ കഴിഞ്ഞ ദിവസം വൈകിട്ട് ചേർന്ന യോഗമാണ് തിരഞ്ഞെടുത്തത്.

വനിതാ നേതാവും കുക്കി വിഭാഗത്തില്‍ നിന്നുള്ളയാളുമായ നെംച കുപ്‌ജെൻ ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റു. എൻസി‌പിയുടെ ലോസി ഡിഖോയും ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റു, ഗോവിന്ദാസ് കൊന്തൗജം ആഭ്യന്തര മന്ത്രിയാകും. ഖേംചന്ദ് സിംഗിന്റെ നേതൃത്വത്തിലുള്ള എൻഡിഎ പ്രതിനിധി സംഘം ലോക്ഭവനില്‍ ഗവർണർ അജയ് കുമാർ ഭല്ലയെ സന്ദർശിച്ച്‌ ജനകീയ സർക്കാർ രൂപീകരിക്കാനുള്ള അനുമതി തേടിയിരുന്നു. കുക്കിവിഭാഗത്തിന് ഭൂരിപക്ഷമുള്ള ജില്ലകളായ ചുരാചന്ദ്പൂർ, ഫെർസാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ട് എംഎല്‍എമാരും പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.

ചൊവ്വാഴ്ച ന്യൂഡല്‍ഹിയില്‍ നടന്ന യോഗത്തിലാണ് 62 കാരനായ സിംഗിനെ ബിജെപിയുടെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തത്. അദ്ദേഹം ഉള്‍പ്പടെയുള്ള അഞ്ച് എംഎല്‍എമാർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് മുതിർന്ന ബിജെപി എംഎല്‍എ തോംഗം ബിശ്വജിത് സിംഗ് നേരത്തെ പറഞ്ഞിരുന്നു.