തിരുവനന്തപുരം: കട്ടിളപ്പാളി കേസിലെ ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഇന്ന് നിർണായകം. കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ പരി​ഗണിക്കും. ജുഡീഷ്യൽ റിമാൻഡ് തീരുന്നതിനാൽ പോറ്റിയെ ഇന്ന് കോടതിയിൽ നേരിട്ട് ഹാജരാക്കും. അറസ്റ്റിലായി തൊണ്ണൂറ് ദിവസം പിന്നിട്ടും കുറ്റപത്രം സമർപ്പിക്കാത്ത സാ​ഹചര്യത്തിൽ സ്വാഭാവിക ജാമ്യത്തിന് തനിക്ക് അർ​ഹത ഉണ്ടെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ വാദം.

ദ്വാരപാലക കേസിൽ കഴിഞ്ഞ 21ന് പോറ്റിക്ക് സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. കുറ്റപത്രം സമർപ്പിക്കാത്തതിനാൽ സ്വഭാവിക ജാമ്യത്തിലേക്ക് നീങ്ങുകയായിരുന്നു. കട്ടിളപാളി കേസിൽക്കൂടി ജാമ്യം ലഭിച്ചാൽ മാത്രമേ പോറ്റിക്ക് ജയിലിന് പുറത്തിറങ്ങൾ കഴിയൂ.

അതേസമയം, ദ്വാരപാലക കേസിലും കട്ടിളപ്പാളി കേസിലും ജാമ്യം ലഭിച്ചതോടെ മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു ജയിലിൽ നിന്നു പുറത്തുറങ്ങിയിരുന്നു. മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിനും ജാമ്യം ലഭിച്ചിരുന്നു. കൊല്ലം വിജിലൻസ് കോടതിയാണ് സുധീഷ് കുമാറിന് ജാമ്യം അനുവദിച്ചത്. കട്ടിളപ്പാളി, ദ്വാരപാലക പാളി കേസുകളിൽ അറസ്റ്റിലായി 90 ദിവസം പൂർത്തിയായതോടെയാണ് സ്വാഭാവിക ജാമ്യം കോടതി അനുവദിച്ചത്.

അതിനിടെ പാളികളുടെ കാലപ്പഴക്കം വീണ്ടും പരിശോധിക്കണമെന്ന ആവശ്യവുമായി എസ്‌ഐടി വിഎസ്എസ് സിയെ സമീപിച്ചു. ദ്വാരപാലക പാളികളുടെയും കട്ടിളപ്പാളികളുടെയും താരതമ്യ പരിശോധന കൂടാതെ കാലപ്പഴക്കം നിര്‍ണായിക്കാനുള്ള പരിശോധന കൂടി നടത്തണമെന്നാണ് അന്വേഷണസംഘത്തിന്റെ ആവശ്യം. ഇതിനായി വീണ്ടും പാളികളുടെ സാമ്പിള്‍ എടുക്കണോ എന്നതില്‍ വ്യക്തത വരുത്തണമെന്നും വിഎസ്എസ് സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.