ബെംഗളൂരു: ആദായനികുതി വകുപ്പ് റെയ്ഡിനിടെ ജീവനൊടുക്കിയ കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. റോയ് സി.ജെ.യുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ നിർണ്ണായക വിവരങ്ങൾ പുറത്ത്. നെഞ്ചിന്റെ ഇടതുവശത്താണ് വെടിയേറ്റത്. അഞ്ചാം വാരിയെല്ലിനിടയിലൂടെ വെടിയുണ്ട ഹൃദയത്തിലേക്ക് തുളച്ചുകയറിയതാണ് മരണകാരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.

പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായെങ്കിലും മൃതദേഹം നാളെ (ഞായറാഴ്ച) മാത്രമേ ബന്ധുക്കൾക്ക് വിട്ടുനൽകുകയുള്ളൂ. തുടർന്ന് ബെംഗളൂരുവിലാകും സംസ്കാരം നടക്കുക. റോയിയുടെ മരണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കോൺഫിഡന്റ് ഗ്രൂപ്പ് എം.ഡി ടി.എ. ജോസഫ് പൊലീസിൽ പരാതി നൽകി. ഇതിനിടെ, ആദായനികുതി ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സഹോദരൻ ബാബു സി.ജെ.യും രംഗത്തെത്തിയിട്ടുണ്ട്.

കർണാടക പൊലീസിന്റെ പ്രത്യേക സംഘം കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തി. മരണം ആത്മഹത്യ തന്നെയാണെന്ന് ശാസ്ത്രീയമായി ഉറപ്പിക്കാൻ ബാലിസ്റ്റിക് ഫോറൻസിക് പരിശോധനാ ഫലം കൂടി ലഭിക്കേണ്ടതുണ്ട്. ഇതിനായി കാത്തിരിക്കുകയാണ് അന്വേഷണ സംഘം.