പൊങ്കൽ റിലീസായി ജനുവരി 9-ന് റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം ജനനായകൻ സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ ഇതുവരെയും റിലീസ് ചെയ്തിട്ടില്ല. സെൻസർ ബോർഡിനെതിരെ നൽകിയിരുന്ന കേസുകൾ ജനനായകൻ സിനിമയുടെ നിർമാതാക്കൾ പിൻവലിക്കാനൊരുങ്ങുന്നു എന്ന റിപ്പോർട്ടാണിപ്പോൾ പുറത്തുവരുന്നത്.
തമിഴിലെ പ്രശസ്ത മാധ്യമമായ നക്കീരൻ ആണ് ഈ വിവരം കഴിഞ്ഞദിവസം പുറത്തുവിട്ടത്. കേസിൽ പുനഃപരിശോധനയ്ക്ക് പോകുന്നതിനെക്കുറിച്ച് നിർമാതാക്കൾ ആലോചിക്കുന്നുണ്ടെന്നും ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
സ്വാഭാവികനീതി പാലിക്കപ്പെട്ടില്ലെന്ന് നിരീക്ഷിച്ച കോടതി, വിഷയം വീണ്ടും പരിഗണിക്കാൻ സിംഗിൾ ബെഞ്ചിന് തിരിച്ചയച്ചു. സെൻസർ ബോർഡിന് (CBFC) മറുപടി നൽകാൻ മതിയായ അവസരം നൽകിയശേഷം സിംഗിൾ ബെഞ്ച് പുതിയ തീരുമാനമെടുക്കണമെന്നും ഡിവിഷൻ ബെഞ്ച് ഉത്തരവിൽ പറഞ്ഞിരുന്നു.
ഹർജിയിൽ ഭേദഗതി വരുത്താൻ നിർമാതാക്കളായ കെ.വി.എൻ പ്രൊഡക്ഷൻസിനും കോടതി അനുമതി നൽകി. ഫെബ്രുവരി 16 ന് ചിത്രം റിലീസ് ചെയ്യുമെന്ന് പ്രചാരണങ്ങളുണ്ടായിരുന്നുവെങ്കിലും കോടതി നടപടികൾ നിലനിൽക്കെ അതിന് സാധ്യതയില്ല. ഈ സാഹചര്യത്തിലാണ് പുതിയ നീക്കത്തിന് സിനിമയുടെ നിർമാതാക്കൾ ആലോചിക്കുന്നതെന്നും നക്കീരൻ റിപ്പോർട്ട് ചെയ്യുന്നു.
ജനനായകൻ സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് വൈകുന്നതിനെതിരെ ചിത്രത്തിന്റെ നിർമാതാക്കളായ കെ.വി.എൻ പ്രൊഡക്ഷൻസ് കോടതിയെ സമീപിക്കുകയായിരുന്നു.
