അമേരിക്കയെ തകർത്തെറിയുകയാണ് ട്രംപ് എന്ന ഡീൽ മേക്കർ.ആഗോള രാഷ്ട്രീയത്തിൽ താനൊരു മഹാനായ “ഡീൽ മേക്കർ” ആണെന്ന് സ്വയം പ്രഖ്യാപിച്ച വ്യക്തിയാണ് ഡോണൾഡ് ട്രംപ്. വാചകങ്ങളിൽ ധീരതയും മുദ്രാവാക്യങ്ങളിൽ ദേശീയതയും നിറച്ചുകൊണ്ട് അവതരിപ്പിച്ച ‘അമേരിക്ക ഫസ്റ്റ്’ നയവും ട്രംപിസവും, യാഥാർത്ഥ്യത്തിൽ ഒരു തന്ത്രമല്ല; മറിച്ച് ആഗോള സംവിധാനങ്ങളെ കുറിച്ചുള്ള ആഴമില്ലാത്ത ധാരണയുടെ പ്രതിഫലനമാണ്. ലോകത്തിന്റെ മൊത്തം ഉത്തരവാദിത്തം ചുമന്നുനിൽക്കുന്ന “ആഗോള നേതാവ്” എന്ന വേഷം ഉപേക്ഷിക്കാം എന്ന ട്രംപിന്റെ വാദം, കേൾക്കാൻ സുഖകരമായ ഒരു രാഷ്ട്രീയ മുദ്രാവാക്യം മാത്രമാണ്.
ലോകത്തെ ഒരു റിയാലിറ്റി ഷോ പോലെ കാണുകയും, രാജ്യങ്ങളെ കോർപ്പറേറ്റ് യൂണിറ്റുകളായി കണക്കാക്കി “ലാഭം–നഷ്ടം” എന്ന ലളിത ഗണിതത്തിലേക്ക് ചുരുക്കുകയും ചെയ്യുന്ന ഒരാളിൽ നിന്ന് ഇതിലുപരി എന്താണ് പ്രതീക്ഷിക്കാനാവുക? അമേരിക്ക ഇനി ലോകത്തിന്റെ കാവൽക്കാരനാകേണ്ടതില്ല, സ്വന്തം ജനതയുടെ ക്ഷേമം മാത്രം നോക്കിയാൽ മതി എന്ന വാദം, വോട്ടർമാരെ ആവേശത്തിലാക്കുന്ന ഒരു പൊള്ളവാഗ്ദാനമാണ്. കാരണം, ലോകകാര്യങ്ങളിൽ നിന്ന് അമേരിക്ക പിന്മാറുക എന്നത് ധീരമായ സ്വാതന്ത്ര്യപ്രഖ്യാപനമല്ല മറിച്ച് സ്വന്തം ശക്തിയുടെ അടിത്തറ തകർക്കുന്ന, സ്വന്തം കാലിൽ തന്നെ വെടിവെക്കുന്നതിന് തുല്യമായ ഒരു രാഷ്ട്രീയ അബദ്ധമാണ്.
ഈ കാഴ്ചപ്പാട്, അമേരിക്ക ഒരു സ്വയംപര്യാപ്ത രാഷ്ട്രമാണെന്ന ധാരണയിലാണ് നിലനിൽക്കുന്നത്. എന്നാൽ യാഥാർത്ഥ്യം അതല്ല. ആധുനിക അമേരിക്കയെ ഒരു ഒറ്റപ്പെട്ട രാജ്യമായി കാണുന്നതിലുപരി, ലോകത്തിന്റെ നടുവിൽ നിലകൊള്ളുന്ന ഒരു വലിയ മഹാനഗരമായി കാണുന്നതാണ് ശരി. ഒരു മഹാനഗരം ചുറ്റുമുള്ള പ്രദേശങ്ങളെ ആശ്രയിച്ചാണ് ജീവിക്കുന്നത്. അതുപോലെ തന്നെ, ലോകം അമേരിക്കയെ ആശ്രയിക്കുന്നതുപോലെ, അമേരിക്കയും ലോകത്തിന്റെ മറ്റു ഭാഗങ്ങളെ ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നത്.
ഈ പരസ്പര ആശ്രയത്വം മുറിച്ചെറിയാൻ ശ്രമിക്കുന്നത്, പുറത്തുനിന്നുള്ള വെള്ളവും ഭക്ഷണവും വൈദ്യുതിയും വേണ്ടെന്ന് പറഞ്ഞ് ഒരു നഗരം ഒറ്റയ്ക്ക് ജീവിക്കാൻ ശ്രമിക്കുന്നതു പോലെയുള്ള പ്രതീതിയാണ് നൽകുന്നത്. അത് ഒടുവിൽ ആ നഗരത്തെ തന്നെയാണ് തകർക്കുക.അമേരിക്ക ഇപ്പോഴും ലോകത്തിലെ ഏറ്റവും നൂതനമായ സമ്പദ്‌വ്യവസ്ഥകളിലൊന്നാണെന്നത് സത്യമാണ്.
