തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഗതാഗത മേഖലയിൽ വൻ മാറ്റങ്ങൾ ലക്ഷ്യമിട്ട് തിരുവനന്തപുരം മുതൽ അങ്കമാലി വരെയുള്ള എം.സി റോഡ് 24 മീറ്റർ വീതിയിൽ നാലുവരിയായി പുനർനിർമിക്കുമെന്ന് സംസ്ഥാന ബജറ്റിൽ പ്രഖ്യാപനം. ഈ പദ്ധതിയുടെ ഒന്നാം ഘട്ടത്തിനായി കിഫ്ബി വഴി 5217 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.

എം.സി റോഡിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി കിളിമാനൂർ, നിലമേൽ, ചടയമംഗലം, ആയൂർ, പന്തളം, ചെങ്ങന്നൂർ എന്നീ ബൈപ്പാസുകളുടെ നിർമാണവും വിവിധ ജങ്ഷനുകളുടെ വികസനവും ഈ ഘട്ടത്തിൽ നടപ്പിലാക്കും. കൊട്ടാരക്കര ബൈപ്പാസ് നിർമ്മാണത്തിനായി 110.36 കോടി രൂപയുടെ സാമ്പത്തിക അനുമതി ഇതിനോടകം നൽകിയിട്ടുണ്ടെന്നും ഭൂമി ഏറ്റെടുക്കൽ നടപടികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. നിലവിൽ കൊട്ടാരക്കര ബൈപ്പാസിന്റെ നിർമാണം പുരോഗമിക്കുകയാണെന്നും ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി അറിയിച്ചു.