ഫുജൈറ ∙ യുഎഇയിലെ ഫുജൈറയിൽ ട്രക്കിനുള്ളിൽ ഹീറ്ററിട്ടു കിടന്നുറങ്ങിയ മലയാളി യുവാവ് ശ്വാസം മുട്ടി മരിച്ചു. വടകര വള്ളിക്കാട് സ്വദേശി അൻസാർ (28) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് അൻസാറിനെ ട്രക്കിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഗൾഫിൽ ഏതാനും ആഴ്ചകളായി അനുഭവപ്പെട്ടുവരുന്ന കടുത്ത തണുപ്പിനെ പ്രതിരോധിക്കാനായി ഹീറ്റർ പ്രവർത്തിപ്പിച്ച് ഉറങ്ങാൻ കിടന്നതായിരുന്നു അൻസാർ. അടച്ചിട്ട വാഹനത്തിനുള്ളിൽ ഹീറ്ററിൽ നിന്നുള്ള പുക ശ്വസിച്ചതും ഓക്സിജന്റെ കുറവുമാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം. മസാഫി ആശുപത്രിയിലുള്ള മൃതദേഹം നടപടികൾ പൂർത്തിയാക്കി ഉടൻ നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

നേരത്തെ സൗദി അറേബ്യയിലെ ഖസീമിലും റിയാദിലുമായി സമാന രീതിയിൽ കോഴിക്കോട്, പാലക്കാട് സ്വദേശികൾ മരിച്ചിരുന്നു. തണുപ്പുകാലത്ത് വാഹനങ്ങളിലോ ചെറിയ മുറികളിലോ ശരിയായ വായുസഞ്ചാരമില്ലാതെ ഇത്തരം ഉപകരണങ്ങൾ ഉപയോഗിക്കുന്നത് അതീവ അപകടകരമാണെന്ന് അധികൃതർ അറിയിച്ചു.