ന്യൂഡൽഹി: ട്രംപ് ഭരണകൂടത്തിന്റെ ആക്രമണാത്മക താരിഫ് നയങ്ങൾ കാരണം ശക്തി പ്രാപിച്ച സാമ്പത്തിക ബന്ധങ്ങൾ കൂടുതൽ ആഴത്തിലാക്കാനുള്ള ശ്രമത്തിന്റെ ഇന്ത്യയുമായി സുപ്രധാന വ്യാപാര കരാറിൽ യൂറോപ്യൻ യൂണിയൻ ഒപ്പുവെച്ചു, കാനഡയും ഇന്ത്യയുമായി വ്യാപാരബന്ധം ശക്തിപ്പെടുത്തുന്നു. മാർച്ചിൽ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഉന്നതതല സന്ദർശനത്തിനായി ഇന്ത്യയിലെത്തും.
ഇതിനിടെ, ബ്രീട്ടീഷ് പ്രധാനമന്ത്രി കെയിർ സ്റ്റാർമർ ഇന്ന് ചൈനയിലേക്ക് പറക്കും. ഗ്രീൻലൻഡിനെ ചൊല്ലിയുള്ള തർക്കങ്ങളിൽ ട്രംപിന്റെ സമ്മർദ്ദങ്ങൾക്കിടയിലാണ് ബ്രീട്ടീഷ് പ്രധാനമന്ത്രിയുടെ ചൈനാ സന്ദർശനം. എട്ടു വർഷത്തിനിടെ ആദ്യമായിട്ടാണ് ഒരു ബ്രിട്ടീഷ് പ്രധാനമന്ത്രി ചൈന സന്ദർശിക്കുന്നത്. മൂന്ന് ദിവസത്തെ സന്ദർശനമാണ് സ്റ്റാർമർ നടത്തുക. രണ്ട് മന്ത്രിമാരും ഡസൻ കണക്കിന് ഉദ്യോഗസ്ഥരുമായും ചൈനയിലെത്തുന്ന സ്റ്റാർമർ വൻവാണിജ്യ കരാറുകളാണ് ലക്ഷ്യംവെക്കുന്നതെന്നാണ് സൂചന. ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.
2024-ൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം യുകെ-ചൈന ബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള നീക്കങ്ങൾ സ്റ്റാർമർ നടത്തിവരുന്നുണ്ട്. തെക്കേ ഏഷ്യയിലെ മറ്റൊരു വലിയ ശക്തിയായ ഇന്ത്യയുമായി യുകെ ഇതിനകം തന്നെ ഒരു വ്യാപാര കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്.
