തിരുവനന്തപുരം ∙ ശബരിമല സ്വർണക്കൊള്ള കേസിൽ വീണ്ടും മൊഴി മാറ്റി മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി. ശബരിമലയിലെ കട്ടിളപ്പാളി താൻ മാറ്റിയിട്ടില്ലെന്നും പഴയ വാതിലിൽ നിന്ന് സ്വർണം നീക്കം ചെയ്തിട്ടില്ലെന്നുമാണ് എസ്ഐടിക്ക് മുന്നിൽ പോറ്റി ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ നടന്ന ചോദ്യം ചെയ്യലിലാണ് അന്വേഷണ സംഘത്തെ കുഴക്കുന്ന പുതിയ മൊഴി നൽകിയത്.

നേരത്തെ കുറ്റം സമ്മതിച്ച പ്രതി ഇപ്പോൾ മൊഴി മാറ്റുന്നത് അന്വേഷണത്തെ വഴിതിരിച്ചുവിടാനുള്ള ശ്രമമാണെന്നാണ് പോലീസ് സംശയിക്കുന്നത്. ശാസ്ത്രീയ പരിശോധനകൾ പൂർത്തിയാകാത്തതും കൂടുതൽ അറസ്റ്റുകൾ ബാക്കിയുള്ളതുമാണ് കുറ്റപത്രം സമർപ്പിക്കുന്നതിന് തടസ്സമാകുന്നത്. ഫെബ്രുവരി 10-നകം കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇത് വൈകിയാൽ ഉണ്ണികൃഷ്ണൻ പോറ്റി അടക്കമുള്ള പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കാൻ ഇടയാക്കും.

കേസിൽ നിർണ്ണായകമായ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി വിഎസ്എസ്‌സി (VSSC) ശാസ്ത്രജ്ഞരുടെ മൊഴി എസ്ഐടി രേഖപ്പെടുത്തി തുടങ്ങി. സങ്കീർണ്ണമായ പരിശോധനാ ഫലങ്ങൾ ലഭിച്ചെങ്കിലും ഇതിൽ പല കാര്യങ്ങളും ഇനിയും വ്യക്തമാകാനുണ്ട്. പഴയ വാതിൽ പാളിയുടെ ശാസ്ത്രീയ പരിശോധനാ ഫലവുമായി താരതമ്യം ചെയ്താൽ മാത്രമേ നഷ്ടപ്പെട്ട സ്വർണ്ണത്തിന്റെ കൃത്യമായ അളവ് കണ്ടെത്താൻ കഴിയൂ. ഇതിനായി ഒരാഴ്ചയെങ്കിലും സമയം വേണ്ടിവരുമെന്നാണ് ശാസ്ത്രജ്ഞർ അറിയിച്ചിരിക്കുന്നത്.

പോറ്റിയുടെ മൊഴിയിലെ വൈരുദ്ധ്യങ്ങളും ശാസ്ത്രീയ പരിശോധനയിലെ കാലതാമസവും കേസ് അന്വേഷണത്തിന് വെല്ലുവിളിയാകുകയാണ്.