ആലപ്പുഴ: കുട്ടനാട് സീറ്റ് ഏറ്റെടുക്കുമെന്ന സൂചന നൽകി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം കൊടിക്കുന്നില്‍ സുരേഷ് എംപി. മണ്ഡലത്തിലെ പൊതുവികാരം കോണ്‍ഗ്രസിന് അനുകൂലമാണെന്ന് കൊടിക്കുന്നില്‍ സുരേഷ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ചാല്‍ ആദ്യം ജയിക്കുന്ന സീറ്റാകും കുട്ടനാട് എന്നും അദ്ദേഹം വ്യക്തമാക്കി.
‘വിജയസാധ്യതയാണ് പ്രധാന ഘടകം. ഘടകക്ഷികള്‍ തമ്മില്‍ ചില സീറ്റ് വെച്ച് മാറി മത്സരിക്കേണ്ടിവരും. കോണ്‍ഗ്രസ് സീറ്റ് ഏറ്റെടുക്കണം എന്നതാണ് പ്രാദേശിക വികാരം. കുട്ടനാട്ടില്‍ കേരളാ കോണ്‍ഗ്രസ് മത്സരിച്ചാല്‍ ജയിക്കുമോ എന്ന സംശയം യുഡിഫ് അണികളിലുണ്ട്’, കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു.
ഇത്തവണ സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കാനുള്ള മാനദണ്ഡം വിജയ സാധ്യതയാണെന്നും കൊടിക്കുന്നില്‍ സുരേഷ് വ്യക്തമാക്കി. കോണ്‍ഗ്രസ് നടത്തിയ സർവേയുടെ ഫലവും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രധാനഘടകമാകും. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും കൊടിക്കുന്നിൽ പറഞ്ഞു. മറ്റ് ചുമതലകളും ഏറ്റെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
