നേരത്തെ എറണാകുളം ജങ്ഷനും കോട്ടയത്തിനും ഇടയിൽ തൃപ്പൂണിത്തുറയിലും പിറവം റോഡിലും മാത്രമായിരുന്നു എക്സ്പ്രസ് മെമുവിന് സ്റ്റോപ്പുണ്ടായിരുന്നത്.
കോട്ടയം : എറണാകുളം ജങ്ഷനിൽ നിന്നും കായംകുളം വരെ സർവീസ് നടത്തുന്ന 16309/16310 എക്സ്പ്രസ് മെമു ട്രെയിന് പുതിയ സ്റ്റോപ്പ് അനുവദിച്ചു. കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിൽ എറണാകുളം-കായംകുളം എക്സ്പ്രസ് മെമു നിർത്തുമെന്ന് ദക്ഷിണ റെയിൽവെ അറിയിച്ചു. നേരത്തെ എറണാകുളം ജങ്ഷനും കായംകുളം ജങ്ഷൻ റെയിൽവെ സ്റ്റേഷനുകൾക്കിടിയിൽ എട്ട് സ്റ്റോപ്പുകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതിപ്പോൾ ഒമ്പതായി വർധിച്ചു.
രാവിലെ 8.45ന് എറണാകുളം ജങ്ഷനിൽ നിന്നുമെടുക്കന്ന ട്രെയിൻ 9.42നാണ് ഏറ്റുമാനൂരിൽ എത്തി ചേരുക. ഒരു മിനിറ്റ് മാത്രം ട്രെയിൻ സ്റ്റോപ്പുള്ളത്. ഉച്ചയ്ക്ക് ശേഷമുള്ള മടക്കെ സർവീസ് വൈകിട്ട് 4.34 ഓടെ ഏറ്റുമാനൂരിൽ എത്തും. നേരത്തെ കോട്ടയത്തിനും എറണാകുളത്തിനുമിടയിൽ പിറവം റോഡിലും തൃപ്പൂണിത്തുറയിലും മാത്രമായിരുന്നു എക്സ്പ്രസ് മെമുവിന് സ്റ്റോപ്പുണ്ടായിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്ത കേരലത്തിലെ ആദ്യ എക്സ്പ്രസ് മെമു ട്രെയിനാണിത്.
യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓൺ റെയിൽസിൻ്റെ അഭ്യർത്ഥന പരിഗണിച്ചാണ് ദക്ഷിണ റെയിൽവെ എക്സ്പ്രസ് മെമുവിന് ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിച്ചത്. ദക്ഷിണ റെയിൽവെ ഉപദേശക സമിതി അംഗമായി കൊടുക്കുന്നിൽ സുരേഷ് എംപിക്കും യാത്രക്കാരുടെ കൂട്ടായ്മ കത്ത് നൽകിയിരുന്നു.
