തിരുവനന്തപുരം: വിളപ്പില്‍ശാല പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ നിഷേധിക്കപ്പെട്ട് യുവാവ് മരിച്ചെന്ന് പരാതി. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് കൊല്ലംകോണം സ്വദേശി ബിസ്മീർ മരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളൂ. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടർ നടപടികളിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനം.
സംഭവത്തില്‍ വിവിധ സംഘടനകള്‍ വിളപ്പില്‍ശാല പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. കഴിഞ്ഞ ദിവസം ആരോഗ്യകേന്ദ്രത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ജനുവരി 19നായിരുന്നു ദാരുണ സംഭവം.
യുവാവിനെ ഭാര്യ ജാസ്മിൻ സ്കൂട്ടറിലാണ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുവന്നത്. ജാസ്മിൻ പലതവണ ആശുപത്രിക്കുള്ളില്‍ പോയിട്ടും ഒരാളുപോലും ചികിത്സ നല്‍കാനായി എത്തിയിട്ടില്ലയെന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. 13 വയസുമുതല്‍ ഹൃദ്രോഗ സംബന്ധമായ അസുഖങ്ങളുള്ള ആളാണ് ബിസ്മീർ. അതേസമയം, പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ഗേറ്റ് തുറന്നിരുന്നുവെന്നും എന്നാല്‍ അകത്തേക്ക്ക ടക്കുന്ന വാതില്‍ അടഞ്ഞാണ് കിടന്നതെന്നുമുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്.
