ജയ്‌പൂർ : രാജസ്ഥാനിലെ നാഗൗറിലെ നിന്ന് 9,550 കിലോ അമോണിയം നൈട്രേറ്റ് പിടിച്ചെടുത്തു. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, സുലൈമാൻ ഖാന്റെ തൻവാല വസതിയിൽ നാഗൗർ പോലീസിന്റെ പ്രത്യേക സംഘം നടത്തിയ റെയ്ഡിലാണ് സ്ഫോടകവസ്തുക്കൾ കണ്ടെടുത്തതെന്ന് നാഗൗർ പോലീസ് സൂപ്രണ്ട് മൃദുൽ കച്വ പറഞ്ഞു.
സുലെമാൻ തന്റെ കൃഷിയിടത്തിലാണ് പ്രധാനമായും സ്ഫോടകവസ്തുക്കൾ ഒളിപ്പിച്ചിരുന്നത്. 187 കാർട്ടണുകളിലായി 9,550 കിലോഗ്രാം അമോണിയം നൈട്രേറ്റ്, 9 കാർട്ടണുകൾ ഡിറ്റണേറ്ററുകൾ, 15 ബണ്ടിലുകൾ വയറുകൾ , 9 ബണ്ടിലുകൾ കേബിളുകൾ എന്നിവയും മറ്റ് വസ്തുക്കളുമാണ് ഒളിപ്പിച്ചിരുന്നത്. പിടിയിലായ സുലെമാൻ ഖാനെതിരെ തൻവാല, പഡുക്കല്ലൻ, നാഗൗർ, ചൗപസ്നി, ആൽവാർ എന്നിവിടങ്ങളിൽ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് നാഗൗർ എസ്പി പറഞ്ഞു.
മൂന്ന് കേസുകളും സ്ഫോടകവസ്തു നിയമപ്രകാരമാണ് ഫയൽ ചെയ്തത്. സുലെമാൻ ഖനി ഉടമകൾക്ക് സ്ഫോടകവസ്തുക്കൾ വിതരണം ചെയ്തിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എങ്കിലും പിടിച്ചെടുത്ത വലിയ അളവ് കണക്കിലെടുക്കുമ്പോൾ, അയാൾക്ക് വലിയൊരു ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ഞങ്ങൾ സംശയിക്കുന്നു. ചോദ്യം ചെയ്യലിനായി കേന്ദ്ര ഏജൻസികളെയും ബന്ധപ്പെടാമെന്നും പൊലീസ് പറഞ്ഞു.
