റിയാദ്: ഉംറ വിസ നിയമങ്ങളില്‍ മാറ്റം വരുത്തി സൗദി അറേബ്യ. ഹജ്ജിനോടനുബന്ധിച്ച് നടത്തുന്ന ഉംറയുടെ വിസ കാലാവധിയിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. ഉംറ വിസ ലഭിക്കുന്നവര്‍ക്ക് ഹജ്ജിന് മുന്നോടിയായി നിര്‍ബന്ധമായും മടങ്ങേണ്ട തീയതിയും പ്രഖ്യാപിച്ചിട്ടുണ്ട്.

ഹിജ്‌റ 1557 ശവ്വാല്‍ 15 ആയിരിക്കും ഉംറയ്ക്കായി സൗദിയിലേക്ക് എത്തേണ്ട അവസാന തീയതി. സൗദിയില്‍ എത്തുന്ന ഉംറ തീര്‍ത്ഥാടകര്‍ക്ക് മടങ്ങിപോകാനുള്ള അവസാന തീയതി 1447 ദുല്‍ ഖഅദ് 1 ആണെന്ന് വിസ കാലാവധിയുമായി ബന്ധപ്പെട്ട് മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.

മൂന്ന് മാസമാണ് സാധാരണയായി ഉംറ വിസയ്ക്ക് കാലാവധി നല്‍കിയിരുന്നത്. എന്നാല്‍ ദുല്‍ ഖഅദ് 1ന് മുമ്പ് തന്നെ വിസയുടെ മൂന്ന് മാസ കാലാവധി പൂര്‍ത്തിയാകുകയാണെങ്കില്‍ ആ തീയതിക്കുള്ളില്‍ തന്നെ തീര്‍ത്ഥാടകര്‍ നാട്ടിലേക്ക് മടങ്ങിയിരിക്കണം. സൗദിയില്‍ എത്തിയതിന് ശേഷമായിരിക്കില്ല ഇനി മുതല്‍ തീയതി പരിഗണിക്കുന്നത്.

സൗദിയിലെത്തിയതിന് ശേഷം വിസയിലെ മൂന്ന് മാസ കാലാവധിയിലെ അവസാന തീയതിയാണോ അല്ലെങ്കില്‍ ദുല്‍ ഖഅദ് ആണോ നേരത്തെ എത്തുന്നത് അതിനനുസരിച്ച് രാജ്യം വിടണം.

അതേസമയം, രാജ്യത്തെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് മൂന്ന് മാസം വരെ അവിടെ കഴിയാം എന്ന നിയമത്തില്‍ മാറ്റം വരുത്തിയിട്ടില്ല. എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ പലയിടത്തും തണുപ്പ് ഉയരുന്നത് തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ കുറവ് വരുത്തിയേക്കാം.