ചെന്നൈ: സിബിഐ ചോദ്യം ചെയ്യലിനും, ജനനായകൻ റിലീസ് തടഞ്ഞുവയ്ക്കലിനും പിന്നാലെ ആദ്യ പരസ്യപ്രതികരണവുമായി ടിവികെ നേതാവ് വിജയ്. യാതൊരു വിധ സമ്മർദത്തിനും വഴങ്ങില്ലെന്നും ഒരിക്കലും ആരുടെ മുന്നിലും തല കുനിക്കില്ലെന്നുമാണ് വിജയ്‌യുടെ പ്രസ്താവന. മാമല്ലപുരത്ത് 3,000 സംസ്ഥാന, ജില്ലാ തല ടിവികെ പ്രവർത്തകർ പങ്കെടുത്ത യോഗത്തിലാണ് വിജയ്‌യുടെ പ്രസംഗം.

വരാനിരിക്കുന്നത് വെറുമൊരു തെരഞ്ഞെടുപ്പല്ലെന്നും ജനാധിപത്യ യുദ്ധമാണെന്നും വിജയ് യോഗത്തിൽ പറഞ്ഞു. തമിഴ്നാട്ടിലെ അഴിമതി സർക്കാറിന് അന്ത്യം കുറിക്കാൻ സമയമായി. സമ്മർദത്തിന് മുന്നിൽ തല കുനിക്കില്ല. തലകുനിക്കാനല്ല ഇവിടെ എത്തിയത്. ടിവികെയെ രാഷ്ട്രീയ കക്ഷികൾ വിലകുറച്ച് കാണുന്നുണ്ടെന്നും വിജയ് പറഞ്ഞു.

“മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ ബൂത്തുകളെ കള്ളവോട്ടിനുള്ള കേന്ദ്രമായാണ് കാണുന്നത്. ടിവികെ ജനാധിപത്യത്തെ സംരക്ഷിക്കുന്ന ഇടമായി അതിനെ കാണുന്നു.ഒ രു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കുമില്ല.നമ്മൾ വിജയിക്കും. ഓരോ ടിവികെ പ്രവര്‍ത്തകനെയും ജനം വിശ്വസിക്കണം,” വിജയ് പറഞ്ഞു.