പത്തനംതിട്ട: തിരുവല്ല കുറ്റൂരിൽ നവജാത ശിശുവിന് ഉപദേശിച്ച നിലയിൽ കണ്ടെത്തി. തട്ടുകടയിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. കുറ്റൂരിലെ റെയിൽവേ അടിപ്പാതയ്ക്ക് സമീപത്തുള്ള ജയരാജന്റെ തട്ടുകടയിൽ പുലർച്ചെ നാലുമണിയോടെയാണ് കുഞ്ഞിനെ കാണുന്നത്. ജയരാജനും ഭാര്യയും രാവിലെ തട്ടുകട തുറക്കാൻ എത്തിയപ്പോഴാണ് സംഭവം. ചോര കുഞ്ഞിന്റെ കരച്ചിൽ കേട്ട് നോക്കുമ്പോഴാണ് കുട്ടിയെ കാണുന്നത്.

ഉടനെ സമീപവാസികളെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് തിരുവല്ല പോലീസ് എത്തി കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് താലൂക്ക് ആശുപത്രി അധികൃതർ അറിയിച്ചു. രാവിലെ കട തുറക്കാൻ നേരം ഒരു കരച്ചിൽ കേട്ട് നോക്കുമ്പോഴാണ് ഒരു പൊടി കുഞ്ഞിനെ ചോരയിൽ കുളിച്ച് നിലയിൽ കാണുന്നത്.

അയൽവാസിയെ വിളിച്ചാണ് പോലീസിൽ വിവരമറിയിച്ചതെന്നും കുഞ്ഞിനെ കണ്ടെത്തിയ ജയരാജൻ പ്രതികരിച്ചു. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ അടക്കം പോലീസ് പരിശോധിച്ചു വരികയാണ്. പുലർച്ചെ ഇതുവഴി വന്ന ഇരുചക്ര വാഹനങ്ങൾ അടക്കം പോലീസ് അന്വേഷണം നടത്തുന്നുണ്ട്. എന്നാൽ വലിയ വാഹനങ്ങൾ ഒന്നും വന്നു നിൽക്കുന്നതിന്റെ ശബ്ദമോ മറ്റോ കേട്ടില്ല എന്നാണ് പ്രദേശവാസികൾ പറയുന്നത്.