പാലക്കാട്: കേരളത്തിന്റെ റെയിൽവേ വികസനത്തിൽ പുതിയ കുതിച്ചുചാട്ടത്തിനൊരുങ്ങി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ. സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കാത്ത സാഹചര്യത്തിൽ മെട്രോ മാൻ ഇ. ശ്രീധരൻ മുന്നോട്ടുവെച്ച പുതിയ അതിവേഗ റെയിൽ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര റെയിൽവേ മന്ത്രാലയം നിർദ്ദേശം നൽകി. പദ്ധതിയുടെ വിശദമായ പദ്ധതി രേഖ (DPR) തയ്യാറാക്കാൻ ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനെ (DMRC) ചുമതലപ്പെടുത്തിയതായി ഇ. ശ്രീധരൻ അറിയിച്ചു.
മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാവുന്ന ട്രെയിനുകളാണ് ഈ പദ്ധതിയുടെ പ്രധാന ആകർഷണം. തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള 430 കിലോമീറ്റർ ദൂരത്തിൽ ആകെ 21 സ്റ്റേഷനുകളാണ് വിഭാവനം ചെയ്തിരിക്കുന്നത്. തിരുവനന്തപുരം എയർപോർട്ടിൽ നിന്നാരംഭിക്കുന്ന റെയിൽവേ പാത കൊല്ലം, കോട്ടയം വഴി എറണാകുളത്തെത്തും (9 സ്റ്റേഷനുകൾ). തുടർന്ന് നെടുമ്പാശ്ശേരി, കരിപ്പൂർ വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് കണ്ണൂർ വരെ നീളും (12 സ്റ്റേഷനുകൾ).
ഭൂമി ഏറ്റെടുക്കൽ കുറയ്ക്കുന്നതിനായി 70 ശതമാനവും പില്ലറുകളിലൂടെയും ബാക്കി ഭാഗം ടണലുകളിലൂടെയുമാണ് നിർമ്മിക്കുക. ആകെ 20 ടണലുകൾ പദ്ധതിയുടെ ഭാഗമായുണ്ടാകും. അഞ്ചുവർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഏകദേശം ഒരു ലക്ഷം കോടി രൂപയാണ് പദ്ധതിയുടെ ആകെ ചിലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും 30,000 കോടി രൂപ വീതം വിഹിതം നൽകും. ബാക്കി തുക മറ്റ് സ്രോതസ്സുകളിൽ നിന്ന് കണ്ടെത്താനാണ് തീരുമാനം.
മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണ് ഈ പുതിയ നീക്കങ്ങൾ നടക്കുന്നത് എന്ന് കെ.വി. തോമസ് മാധ്യമങ്ങളോട് പ്രതികരിച്ചു. സംസ്ഥാന സർക്കാരുമായി നടത്തിയ പ്രാഥമിക ചർച്ചകൾക്ക് ശേഷം തുടർനടപടികൾ വൈകിയതിനാലാണ് ഇ. ശ്രീധരൻ നേരിട്ട് കേന്ദ്രത്തെ സമീപിച്ചത്. ഇതേത്തുടർന്ന് ഡിപിആറുമായി മുന്നോട്ട് പോകാൻ റെയിൽവേ മന്ത്രാലയം അനുമതി നൽകുകയായിരുന്നു. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് വലിയ പ്രതിസന്ധികൾ ഉണ്ടാകില്ലെന്നും ജനവാസ മേഖലകളെ ബാധിക്കാത്ത രീതിയിലുള്ള ആധുനിക നിർമ്മാണ രീതിയാണ് അവലംബിക്കുന്നതെന്നും ഇ. ശ്രീധരൻ വ്യക്തമാക്കി.
