ബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ രണ്ടാംപ്രതി മുരാരിബാബു ജയില്‍മോചിതനായത് കേസന്വേഷണനടപടികളിലെ വീഴ്ചമൂലമെന്ന് ആരോപണം. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതുകൊണ്ടാണ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായ മുരാരിബാബുവിന് സ്വാഭാവികജാമ്യം ലഭിച്ചത്. കൊള്ളക്കാര്‍ക്ക് ജാമ്യം നിഷേധിച്ച് കോടതികള്‍ കര്‍ശനനിലപാടുമായി മുന്നോട്ട് പോകുമ്പോഴാണ് അന്വേഷണസംഘത്തിന്റെ വീഴചയില്‍ പ്രതികള്‍ പുറത്തിറങ്ങുന്നത്. യഥാസമയം കുറ്റപത്രം നല്‍കിയില്ലെങ്കില്‍ സ്വാഭാവിക ജാമ്യം ലഭിക്കുമെന്നറിയാമായിരുന്നിട്ടും അന്വേഷണസംഘം തന്ത്രപരമായ മൗനം പാലിച്ചുവെന്നാണ് ആരോപണം. ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍പോറ്റിക്ക് ഒരു കേസില്‍ ജാമ്യം ലഭിച്ചിരുന്നു. ഒരുകേസില്‍ കൂടി ജാമ്യം ലഭിക്കുന്നതോടെ പോറ്റിയും പുറത്തിറങ്ങും. മറ്റ് പ്രതികളുടെ കാര്യത്തിലും ഇതുതന്നെയാവും സംഭവിക്കുക. എസ്‌ഐടിക്ക്‌മേല്‍ സര്‍ക്കാരിന്റെ സമ്മര്‍ദ്ദമാണെന്നും അതുകൊണ്ടാണ് കുറ്റപത്രം സമര്‍പ്പിക്കാതെ പ്രതികളെ രക്ഷപ്പെടാന്‍ സഹായിക്കുന്നതെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ ആരോപിച്ചു. കേസന്വേഷണത്തിന് മേല്‍നോട്ടംവഹിക്കുന്ന ഹൈക്കോടതിയുടെ കര്‍ശനനടപടി ഇക്കാര്യത്തില്‍ ഉണ്ടാകുമെന്നാണ് സൂചന.