ഫരീദാബാദിൽ ഹോം വർക്ക് ചെയ്യുന്നതിനിടെയുണ്ടായ തർക്കത്തെ തുടർന്ന് നാലു വയസുകാരിയെ പിതാവ് തല്ലിക്കൊന്നു. ഒന്നു മുതൽ 50 വരെയുള്ള അക്കങ്ങൾ എഴുതാൻ കഴിയാത്തതിനെ തുടർന്നാണ് ക്രൂരമായ മർദ്ദനമുണ്ടായതെന്നാണ് പോലീസ് പറയുന്നത്.
സംഭവത്തിൽ പ്രതിയായ കൃഷ്ണ ജയ്‌സ്വാൾ (31) എന്നയാളെ സെക്ടർ 58 പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഒരു ദിവസത്തെ പോലീസ് റിമാൻഡിൽ വിട്ടതായി വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ഉത്തർപ്രദേശിലെ സോൻഭദ്ര ജില്ലയിലെ ഖേരതിയ ഗ്രാമവാസിയായ ജയ്‌സ്വാൾ കുടുംബത്തോടൊപ്പം ഫരീദാബാദിൽ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു.
കൃഷ്ണ ജയ്‌സ്വാളും ഭാര്യയും സ്വകാര്യ കമ്പനികളിലെ ജീവനക്കാരാണ്. ഭാര്യ പകൽ സമയത്ത് ജോലിക്ക് പോകുമ്പോൾ കുട്ടികളുടെ കാര്യങ്ങൾ നോക്കുന്നതും പഠനത്തിന് മേൽനോട്ടം വഹിക്കുന്നതും ജയ്‌സ്വാളായിരുന്നു. ജനുവരി 21നാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ജയ്‌സ്വാൾ കുട്ടിയോട് ഒന്ന് മുതൽ 50 വരെയുള്ള അക്കങ്ങൾ എഴുതാൻ ആവശ്യപ്പെട്ടു. പൂർത്തിയാക്കാൻ കഴിയാതെ വന്നപ്പോൾ അയാൾ ദേഷ്യം വന്ന് അവളെ ആക്രമിക്കുകയും മാരകമായ രീതിയിൽ പരിക്കേൽപ്പിക്കുകയുമായിരുന്നു.
വൈകുന്നേരം ജോലി കഴിഞ്ഞ് അമ്മ തിരിച്ചെത്തിയപ്പോഴാണ് പെൺകുട്ടി വീട്ടിൽ മരിച്ചുകിടക്കുന്നത് കണ്ടത്. അവർ ഉടൻ തന്നെ പോലീസിൽ വിവരമറിയിച്ചു. പ്രാദേശിക പോലീസ് സ്റ്റേഷനിൽ നിന്നുള്ള ഒരു സംഘം സ്ഥലത്തെത്തുകയും കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുകയും ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന് ഫരീദാബാദ് പോലീസ് അറിയിച്ചു.
