തിരുവനന്തപുരം : കേരളം പിടിക്കുക എന്ന ലക്ഷ്യത്തോടെ ബിജെപി നടപ്പാക്കുന്ന മിഷന്‍കേരള മറ്റ് രാഷ്ട്രീയകക്ഷികള്‍ക്ക് നടുക്കമാവുന്നു. ഇരുമുന്നണികളേയും വെല്ലുവിളിച്ച് പഞ്ചായത്തുകള്‍ ഭരിക്കുന്ന ട്വന്റി20 ബിജെപിമുന്നണിയില്‍ ചേരാന്‍ തീരുമാനിച്ചത് നിസ്സാരമായി കാണാനാവില്ല. ബിജെപി അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരിനൊപ്പമെത്തിയ സാബുജേക്കബ് കിഴക്കമ്പലത്തുനിന്നുള്ള പടയോട്ടം കേരളമാകെ വ്യാപിപ്പിക്കുമെന്ന നെഞ്ചൂക്കോടെയാണ് നില്‍ക്കുന്നത്. കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയോടൊപ്പം സാബുവും നില്‍ക്കുമെന്ന വാര്‍ത്തകള്‍ രാഷ്ട്രീയകേരളം കൗതുകത്തോടും അങ്കലാപ്പോടുംകൂടിയാണ് കാണുന്നത്.

തദ്ദേശതെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൊരുതിപ്പിടിച്ച ബിജെപി വരാനിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ കേരളം പിടിക്കാന്‍ പതിനെട്ടടവും പയറ്റുമെന്ന് ഉറപ്പാണ്. ശക്തമായ സാമ്പത്തികപിന്‍ബലവും ഇതിന് കരുത്താകുന്നു. ബിജെപി സ്വാധീനമുള്ള മണ്ഡലങ്ങളില്‍ ട്വന്റി20യിലൂടെ കൂടുതല്‍ വോട്ടുകള്‍ സമാഹരിക്കാന്‍ കഴിയുമെന്നാണ് നേതാക്കള്‍ കരുതുന്നത്. എന്നാല്‍ തദ്ദേശതെരഞ്ഞെടുപ്പില്‍ പലയിടത്തും ക്ഷീണിച്ചുപോയ ട്വന്റി20 ബിജെപിയിലേക്ക് ചേക്കേറുന്നതോടെ കൂടുതല്‍ ദുര്‍ബലമാകുമെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തല്‍. ബിജെപി തന്ത്രങ്ങളെ കേരളജനത തിരിച്ചറിയുമെന്ന് യുഡിഎഫ്, എല്‍ഡിഎഫ് നേതാക്കള്‍ കണക്ക്കൂട്ടുന്നു. എന്തായാലും ബിജെപിയുടെ മിഷന്‍തന്ത്രങ്ങള്‍ പലരുടേയും നെഞ്ചിടിപ്പ് കൂട്ടുന്നുണ്ട്.