തിരുവനന്തപുരം : ഇടതുമുന്നണിയില്‍ ഉറച്ചുനില്‍ക്കുമെന്ന പ്രഖ്യാപനത്തെ തുടര്‍ന്ന് സഭാനേതൃത്വത്തിന്റെ മനസ്സറിയാന്‍ കേരളാകോണ്‍ഗ്രസിന്റെ കരുനീക്കം. പാര്‍ട്ടിചെയര്‍മാന്‍ ജോസ്.കെ.മാണി സീറോമലബാര്‍ സഭയുടെ ആസ്ഥാനത്തും വരാപ്പുഴ അതിരൂപത ആസ്ഥാനത്തും ബിഷപ്പുമാരുമായി ചര്‍ച്ചനടത്തി.

കേരളകോണ്‍ഗ്രസ് എം യുഡിഎഫിലേക്ക് തിരിച്ചുവരണമെന്ന നിലപാടിലാണ് എക്കാലത്തും സഭ. തദ്ദേശതെരഞ്ഞെടുപ്പിനുശേഷം തിരിച്ചുവരാനുള്ള കടുത്ത സമ്മര്‍ദ്ദവുമുണ്ടായി. സഭാനേതൃത്വവുമായി ബന്ധപ്പെട്ടവര്‍ കേരളാകോണ്‍ഗ്രസ് നേതാക്കളുമായി ഇക്കാര്യം ചര്‍ച്ചചെയ്തിരുന്നു. കേരളാകോണ്‍ഗ്രസിനെ പിടിച്ചുനിര്‍ത്താന്‍ ഇടതുമുന്നണി തീവ്രശ്രമം നടത്തുമ്പോള്‍ തീരുമാനമെടുക്കാനാവാത്ത സ്ഥിതിയിലാണ് ജോസ്.കെ.മാണി. ഇടതുമുന്നണിയിലേക്ക് പോയതിനുശേഷം കേരളാകോണ്‍ഗ്രസിനുണ്ടായ വോട്ട്‌ചോര്‍ച്ച സഭാനേതൃത്വം ചൂണ്ടിക്കാട്ടുന്നു.

കെ.എം.മാണിയെ അപമാനിച്ചവരുടെ കൂടെ ജോസ്.കെ.മാണി പോയത് സഭാനേതൃത്വത്തിന് ഇനിയും അംഗീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. മാണിക്ക് സ്മാരകംപണിയാന്‍ സ്ഥലം അനുവദിച്ചത് അപഹാസ്യമാണെന്നും സഭ വിലയിരുത്തുന്നു. ഈ സാഹചര്യത്തിലാണ് ബിഷപ്പുമാര്‍ക്ക് മുന്നില്‍ സാഹചര്യം വിലയിരുത്താനുള്ള ജോസ്.കെ.മാണിയുടെ നീക്കം. ഇനി ചര്‍ച്ചയില്ലെന്ന് യുഡിഎഫ് നേതൃത്വം പറയുന്നുണ്ടെങ്കിലും കേരളാകോണ്‍ഗ്രസിനെ തിരികെയെത്തിച്ച് മുന്നണിയുടെ അടിത്തറ ശക്തമാക്കാനുള്ള കരുനീക്കങ്ങള്‍ തുടരുകയാണ്.