ഇനിയുള്ള തീരുമാനങ്ങള്‍ എന്‍എസ്എസുമായി ചേര്‍ന്നെടുക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍
ആലപ്പുഴ: എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യം പ്രഖ്യാപിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഐക്യത്തിന് കാഹളം മുഴക്കിയത് എന്‍എസ്എസാണെന്നും അതില്‍ നന്ദിയുണ്ടെന്നും വെള്ളാപ്പള്ളി നടേശന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഐക്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സുകുമാരന്‍ നായറുമായി സംസാരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എസ്എന്‍ഡിപി യോഗം കൗണ്‍സിലില്‍ ഐക്യ പ്രമേയം പാസാക്കിയതിന് പിന്നാലെയായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം.
‘മുഖ്യമന്ത്രിയുടെ കാറില്‍ കയറിയതാണല്ലോ വലിയ കുഴപ്പമെന്നാണല്ലോ പറഞ്ഞുവന്നത്. അതില്‍ ഒരു തെറ്റുമില്ലെന്ന് പറഞ്ഞ് എനിക്കും സമുദായത്തിനും വലിയ ആത്മബലം സുകുമാരന്‍ നായര്‍ നല്‍കി. അത് നന്ദിപൂര്‍വം ഓര്‍ക്കുന്നു. ഐക്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാന്‍ തുഷാര്‍ അവിടെ പോകും. ഒരു ഉപാധികളുമില്ലാതെയാണ് ഐക്യം. മറ്റ് മതത്തോടുള്ള വിദ്വേഷത്തിനല്ല, സാമൂഹികനീതിക്ക് വേണ്ടി, സമാനചിന്താഗതിക്കാരായ സമുദായ അംഗങ്ങളുമായി ഐക്യമുണ്ടാക്കുകയാണ്. അതില്‍ നായാടി മുതല്‍ നസ്രാണി വരെയുണ്ടാകും’, വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
