അബുദാബി : യുഎഇയിൽ അനുവാദമില്ലാതെ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിൽ 25,000 ദിർഹം (5.6 ലക്ഷം രൂപ) നഷ്ടപരിഹാരം നൽകാൻ അബുദാബി ഫാമിലി, സിവിൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് കോടതി ഉത്തരവിട്ടു. പൊതുസ്ഥലത്തു വച്ച് സാമ്പത്തിക ഇടപാടുകൾ നടത്തിക്കൊണ്ടിരുന്ന ഒരാളുടെ ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തി സ്നാപ്ചാറ്റിൽ പോസ്റ്റ് ചെയ്തതിനാണ് ശിക്ഷ.
ഇരയായ വ്യക്തിക്കുണ്ടായ മാനഹാനിയും മാനസിക വിഷമവും പരിഗണിച്ചാണ് നടപടി.പ്രതിയുടെ സ്നാപ്ചാറ്റ് അക്കൗണ്ട് റദ്ദാക്കാനും ഉത്തരവിട്ടു. 6 മാസത്തേക്ക് ഇന്റർനെറ്റ് ഉപയോഗിക്കുന്നതിനു വിലക്കേർപ്പെടുത്തി. ഇരുവരുടെയും പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. യുഎഇ സൈബർ നിയമപ്രകാരം ഒരാളുടെ അനുവാദമില്ലാതെ ദൃശ്യങ്ങൾ പകർത്തുന്നതും പ്രചരിപ്പിക്കുന്നതും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായി കണക്കാക്കും. ഇത്തരം കുറ്റകൃത്യങ്ങൾക്ക് കനത്ത പിഴയും തടവും ലഭിച്ചേക്കാം.
