എന്‍എസ്എസിന്റെ മുഴുവന്‍ സഹായം വാങ്ങിച്ച് ജയിച്ചശേഷം സമുദായ സംഘടനകളുടെ തിണ്ണനിരങ്ങരുതെന്നാണ് ഒരു നേതാവ് പറഞ്ഞത്
കോട്ടയം: എസ്എന്‍ഡിപിയുമായി ഐക്യപ്പെടാന്‍ താല്‍പര്യമുണ്ടെന്നും അതില്‍ എന്താണ് തെറ്റെന്നും ചോദിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. അത് കാലഘട്ടത്തിന്റെ ആവശ്യമാണ്. നേതൃത്വവുമായി ആലോചിച്ച് അനുകൂലമായ തീരുമാനം എടുക്കും. അടിസ്ഥാനമൂല്യങ്ങള്‍ നിലനിര്‍ത്തിയാവും ഐക്യപ്പെടുക. ഒരു മതവുമായും വിരോധത്തിന് പോകില്ലെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു.
എല്ലാ രാഷ്ട്രീയ പാര്‍ട്ടിയോടും സമുദായസംഘടനകളോടും സമദൂരമാണ്. ഐക്യം ഔദ്യോഗികമായി പ്രഖ്യാപിക്കും. എസ്എന്‍ഡിപി, എന്‍എസ്എസ് ഐക്യത്തിന് തടസ്സം നിന്നത് മുസ്‌ലിം ലീഗല്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ജി സുകുമാരന്‍ നായര്‍ രംഗത്തെത്തി. എന്‍എസ്എസിന്റെ മുഴുവന്‍ സഹായം വാങ്ങിച്ച് ജയിച്ചശേഷം സമുദായ സംഘടനകളുടെ തിണ്ണനിരങ്ങരുതെന്നാണ് ഒരു നേതാവ് പറഞ്ഞത്. തത്വം പറയുന്നവര്‍ സഭാ സിനഡ് യോഗം ചേര്‍ന്നപ്പോള്‍ കാലില്‍ വീഴാന്‍ പോയി. വര്‍ഗീയതയ്‌ക്കെതിരെ പറയാന്‍ അവര്‍ക്ക് എന്താണ് യോഗ്യതയെന്നും ജി സുകുമാരന്‍ നായര്‍ ചോദിച്ചു.
