കടൽക്കാറ്റ് ഏറ്റാൽ മയങ്ങി പോകാത്തവരായി ആരുണ്ട്. എന്നാൽ തന്റെ കർമ്മങ്ങളും പ്രവർത്തികളും മറന്ന് ഒരിക്കലും മയങ്ങരുത്. അങ്ങനെ ഉറങ്ങിപ്പോയ ഒരു വ്യക്തി ഇനി അങ്ങോട്ടുള്ള ദിവസങ്ങളിൽ കേരള സംസ്ഥാനത്തിന്റെ ചിലവിലാണ് ജീവിക്കാൻ പോകുന്നത്. സംഗതി കോഴിക്കോട് ബീച്ചിൽ ആണ് നടന്നത്. രാവിലെ വ്യായാമത്തിനും ഫുട്ബോൾ കളിക്കാനും എത്തിയവരും ആണ് ഈ അപൂർവമായ കാഴ്ച കണ്ടത്. ബീച്ചിലെ മണലിൽ കഞ്ചാവ് ഉണക്കാനിട്ട് അതിനെ സമീപത്തായി പായ വിരിച്ച് കിടന്നുറങ്ങുകയാണ് യുവാവ്.
യുവാവിനെയും തൊട്ടടുത്തുള്ള ഉൽപ്പന്നത്തെയും തിരിച്ചറിഞ്ഞ നാട്ടുകാർ ഉടനെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ശേഷം വെള്ളയിൽ പോലീസ് എത്തി ആളെ വിളിച്ചുണർത്തി അങ്ങ് പൊക്കിക്കൊണ്ട് പോയി.വെള്ളയില്‍ സ്വദേശി മുഹമ്മദ് റാഫിയാണ് പിടിയിലായത്. ഏകദേശം 370 ഗ്രാം കഞ്ചാവാണ് ഉണക്കാനിട്ട നിലയില്‍ പൊലീസ് പിടികൂടിയത്.
ഒരു പായ വിരിച്ച് അതിന് സമീപത്ത് ഒരു കടലാസിൽ കഞ്ചാവ് ഉണക്കാനിട്ടാണ് യുവാവ് ഉറങ്ങുന്നത്. നാട്ടുകാർ തന്നെയാണ് ദൃശ്യങ്ങളും പകർത്തിയത്. ഷൂ എല്ലാം അഴിച്ചുവെച്ച് സൗകര്യത്തോടെയാണ് മയക്കം. തൊട്ടടുത്ത ഒരു വെള്ള കുപ്പിയും ഉണ്ട്. എന്നാൽ കഞ്ചാവ് ഉപയോഗിച്ചിട്ടാണോ കിടന്നുറങ്ങിപ്പോയത് എന്ന കാര്യത്തിൽ സ്ഥിരീകരിച്ചിട്ടില്ല. പിടിയിലായ റാഫി ഇത് ആദ്യമായല്ല കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് പോലീസിന്റെ വലയിലാകുന്നത്. മുൻപും കഞ്ചാവ് കൈവശം വെച്ചതിനെ റാഫി പിടിയിൽ ആയിട്ടുണ്ട്. പിടികൂടിയതിന് പിന്നാലെ റാഫിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.
