ഏത് തീരുമാനവും ഒരുമിച്ച് മതിയെന്ന നിലപാട് ജോസ് കെ മാണിക്കുണ്ട്.

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്(എം) സ്റ്റിയറിങ് കമ്മിറ്റി ഇന്ന് ചേരും. കേരള കോണ്‍ഗ്രസ് എം മുന്നണി വിടുമെന്ന ചര്‍ച്ചകള്‍ സജീവമായിരിക്കെ ഇന്നത്തെ യോഗത്തിന് വലിയ പ്രാധാന്യമാണുള്ളത്. ജോസ് കെ മാണിയുടെ അദ്ധ്യക്ഷതയില്‍ ഇന്ന് രാവിലെ 11ന് കോട്ടയത്തെ സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് സ്റ്റിയറിങ് കമ്മിറ്റി യോഗം നടക്കുന്നത്.

ഇടതുപക്ഷത്ത് ഉറച്ച് നില്‍ക്കുമെന്ന് ജോസ് കെ മാണി വ്യക്തമാക്കിയതോടെ ആശങ്കക്ക് ഇനി സാധ്യതയില്ലെന്നാണ് സിപിഐഎം വിലയിരുത്തല്‍. അതേ സമയം പാര്‍ട്ടിക്കുള്ളിലെ യുഡിഎഫ് അനുകൂല വികാരം യോഗത്തില്‍ വെളിപ്പെടുമെന്നാണ് യുഡിഎഫ് കണക്കൂകൂട്ടുന്നത്.

എന്നാല്‍ കേരള കോണ്‍ഗ്രസ്(എം)ല്‍ യുഡിഎഫിലേക്ക് പോകാനുള്ള സാധ്യത നിലവില്‍ മങ്ങിയിരിക്കുകയാണ്. മന്ത്രി റോഷി അഗസ്റ്റിന്‍ ഇടതുപക്ഷത്ത് ഉറച്ചു നില്‍ക്കുമെന്ന നിലപാട് സ്വീകരിച്ചതോടെ ഒരുമിച്ച് യുഡിഎഫിലേക്ക് പോകാമെന്ന പദ്ധതി പൊളിഞ്ഞതോടെയാണിത്. പാര്‍ട്ടി എന്ത് തീരുമാനമെടുത്താലും അതിനോടൊപ്പം എന്ന നിലപാട് സ്വീകരിച്ചിരുന്ന ചീഫ് വിപ്പ് എന്‍ ജയരാജും ഇടതുപക്ഷത്തോടൊപ്പമെന്ന നിലപാടിലേക്ക് മാറി. പ്രമോദ് നാരായണന്‍ എംഎല്‍എ ആദ്യം മുതലേ ഇടതുപക്ഷത്തോടൊപ്പമെന്ന നിലപാടിലാണ്. ആകെയുള്ള അഞ്ച് എംഎല്‍എമാരില്‍ മൂന്ന് പേരും ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുമെന്ന അവസ്ഥ വന്നതോടെ യുഡിഎഫിലേക്ക് പോകാം എന്ന പദ്ധതി നിര്‍ജ്ജീവമാകുകയായിരുന്നു.