മുന്നണിമാറ്റത്തിന്റെ ചുഴലിക്കാറ്റില്‍ ഇടതുമുന്നണി ആടിയുലയുമ്പോള്‍ കേരളാകോണ്‍ഗ്രസ് വീണ്ടും പിളര്‍പ്പിലേക്ക് നീങ്ങുന്നു. തീരുമാനമെടുക്കാനാവാതെ ജോസ്.കെ.മാണി വലയുമ്പോള്‍ മുന്നണിമാറില്ലെന്ന് ഇടതുമുന്നണി നേതാക്കള്‍ക്ക് ഉറപ്പ്‌നല്‍കി ആശ്വസിപ്പിക്കുകയാണ്.
കേരളാകോണ്‍ഗ്രസിന്റെ ആരംഭംമുതല്‍ പിന്‍ബലമായ ക്രൈസ്തവസഭയുടെ സമ്മര്‍ദ്ദമാണ് കേരളകോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുന്നത്. ഇടതുമുന്നണിയിലേക്ക് മാറിയതിനുശേഷം ജനപിന്തുണയില്‍ വന്ന വലിയ ഇടിവ് കേരളാകോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തുന്നുണ്ട്. വല്ലാതെ ക്ഷീണിക്കുംമുമ്പ് യുഡിഎഫിലേക്ക് തിരിച്ചുപോകണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമാണ്. സഭാനേതൃത്വവും ഇക്കാര്യത്തില്‍ കടുത്തനിലപാടിലാണ്. പല തലങ്ങളില്‍ ഇതുസംബന്ധിച്ച് ചര്‍ച്ചകളുംനടന്നു.
മുന്നണിമാറ്റം ഒഴിവാക്കാന്‍ കെ.എം.മാണി സ്മാരകത്തിന് സ്ഥലം അനുവദിച്ച് സര്‍ക്കാരും ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ആറ് വര്‍ഷംമുമ്പ് ബജറ്റില്‍ പ്രഖ്യാപിച്ച കാര്യം ഇപ്പോള്‍ തിരക്കിട്ട് നടപ്പാക്കുന്നതിന് പിന്നില്‍ ജോസ്.കെ.മാണിയുടെ സമ്മര്‍ദ്ദവുമുണ്ട്. വെള്ളയമ്പലത്തെ ജലഅതോറിട്ടിയുടെ 25 സെന്റ് ഭൂമിയാണ് പാട്ടത്തിന് അനുവദിച്ചത്. മുന്നണിമാറാന്‍ വിമുഖതയുള്ള മന്ത്രി റോഷി അഗസ്റ്റിന്‍തന്നെയാണ് ഇക്കാര്യത്തില്‍ മുന്‍കയ്യെടുത്തത്. എന്നാല്‍ ഇത്രയും കാലം കേരളാകോണ്‍ഗ്രസിനെ അവഗണിച്ച ഇടതുമുന്നണിയുടെ പ്രീണനത്തിന് വഴങ്ങേണ്ടതില്ലെന്ന് നിലപാടിലാണ് ഒരുവിഭാഗം. മുന്നണി വിടില്ലെന്ന് ജോസ് കെ.മാണി ഉറപ്പുനല്‍കിയതായി ഇന്നും ബിനോയ് വിശ്വം പറഞ്ഞു. പാര്‍ട്ടി പിളരാതെ യുഡിഎഫിലേക്ക് വരണമെന്നാണ് യുഡിഎഫ് നേതാക്കളുടെ നിലപാട്. ഈ നിലപാടില്‍ മാറ്റം വരുത്തിയാല്‍ കേരളാകോണ്‍ഗ്രസിന്റെ പിളര്‍പ്പും മുന്നണിമാറ്റവും വൈകാതെ നടക്കുമെന്ന സ്ഥിതിയാണ്. തദ്ദേശതെരഞെടുപ്പില്‍ കടുത്ത തിരിച്ചടിനേരിട്ട ഇടതുമുന്നണിക്ക് കേരളാകോണ്‍ഗ്രസിന്റെ കൂടി പിന്തുണ നഷ്ടപ്പെടുന്നത് കൂനിമ്മേല്‍കുരുവാകുമെന്നുറപ്പ്.
