ഇറാനിലെ ആഭ്യന്തരപ്രക്ഷോഭങ്ങളെ പിന്തുണച്ച് രംഗത്തെത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ രൂക്ഷവിമർശനവുമായി ഇറാൻ സൂരക്ഷാമേധാവി അലി ലാരിജാനി രംഗത്ത്. ഇറാനിലെ ജനങ്ങളെ കൊന്നൊടുക്കുന്നത് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമാണെന്ന് ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റികൗൺസിൽ സെക്രട്ടറി ലാരിജാനി ആരോപിച്ചു.
സാമ്പത്തികതകർച്ചയ്ക്കും രാഷ്ട്രീയ അടിച്ചമർത്തലിനുമെതിരെ ഇറാനിൽ മൂന്ന് ആഴ്ചയായി തുടരുന്ന പ്രതിഷേധങ്ങളിൽ ഇതുവരെ 2,403പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇതിൽ 12 പേർ പ്രായപൂർത്തിയാകാത്തവരാണ്. ഇറാനിലെ സർക്കാർ സ്ഥാപനങ്ങൾ പിടിച്ചെടുക്കാൻ പ്രക്ഷോഭകാരികളോട് ട്രംപ് ആഹ്വാനം ചെയ്‌തിരുന്നു. പ്രക്ഷോഭകാരികളെ തൂക്കിലേറ്റാൻ ശ്രമിച്ചാൽ അമേരിക്കയുടെ ഭാഗത്തുനിന്ന് ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
നിലവിലെ സാഹചര്യത്തിൽ ഇറാനിയൻ ഉദ്യോഗസ്ഥരുമായുള്ള എല്ലാ കൂടിക്കാഴ്ചകളും ട്രംപ് റദ്ദാക്കി അമേരിക്കയും ഇസ്രായേലുംചേർന്ന് രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുകയാണെന്നും അക്രമത്തിന് പ്രേരിപ്പിക്കുകയാണെന്നും ആരോപിച്ച് ഇറാൻ ഐക്യരാഷ്ട്രസഭയ്ക്ക് കത്തയച്ചു. ഇറാനിലെ സ്ഥിതിഗതികൾ അതീവഗുരുതരമായി തുടരുകയാണെന്നും ഏകദേശം 18,137 പേർ ഇതിനോടകം അറസ്റ്റിലായതായും മനുഷ്യാവകാശസംഘടനകൾ വ്യക്തമാക്കി അതേസമയം, പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ ഇറാൻഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ നേരിയ ഇളവ് പ്രഖ്യാപിച്ചു. മൊബൈൽ ഫോണിൽനിന്ന് വിദേശത്തേയ്ക്ക് വിളിക്കാൻ അനുമതിയായെങ്കിലും ഇൻ്റർനെറ്റ് നിയന്ത്രണം നീക്കിയിട്ടില്ല. മെസേജ് അയക്കാനും പറ്റില്ല. വിദേശത്തേയ്ക്ക് വിളിക്കാമെങ്കിലും പുറത്തുള്ളവർക്ക് ഇറാനിലേയ്ക്ക് വിളിക്കാനാകില്ല ഇൻ്റർനെറ്റിൽ രാജ്യത്തിന് പുറത്തുള്ളതൊന്നും ലഭ്യമല്ല കൂടുതൽ ഇളവുകളുണ്ടാകുമോയെന്ന കാര്യം വ്യക്തമല്ല.
