തൃശ്ശൂർ: തൃശ്ശൂരില്‍ 64ാമത് കേരള സ്കൂൾ കലോത്സവത്തിന് ഇന്ന് തുടക്കമാകും. ഇനിയുള്ള അഞ്ചു നാൾ പൂര നഗരിയിൽ കൗമാര കലയുടെ മഹാപൂരമാണ്. 250 ഇനങ്ങളിൽ പതിനയ്യായിരം കൗമാരപ്രതിഭകളാണ് ഇത്തവണ മാറ്റുരക്കാൻ എത്തുന്നത്. 25 വേദികളിലായാണ് മത്സരം നടക്കുന്നത്. വിവിധ പൂക്കളുടെ പേരുകളാണ് വേദികൾക്ക് നൽകിയിരിക്കുന്നത്. ജനുവരി 18 വരെയാണ് കലോത്സവം നടക്കുക.
തേക്കിൻകാട് മൈതാനിയിലെ ‘സൂര്യകാന്തി’ എന്ന പ്രധാന വേദിയിലാണ് ഉദ്ഘാടന ചടങ്ങ്. രാവിലെ 10 മണിക്ക് മുഖ്യമന്ത്രി കലോത്സവത്തിന് തിരികൊളുത്തും. രാവിലെ ഒമ്പതിന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എൻഎസ്‌കെ ഉമേഷ് പതാക ഉയർത്തും. തൃശ്ശൂർ പൂരത്തിന്റെ പ്രൗഢിവിളിച്ചോതുന്ന പാണ്ടി മേളവും 64കുട്ടികൾ അണിനിരക്കുന്ന വർണ്ണാഭമായ കുടമാറ്റവും നടക്കും. 64ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തെ സൂചിപ്പിച്ചാണ് 64 കുട്ടികൾ അണിനിരക്കുക. കലാമണ്ഡലത്തിന്റെ നേതൃത്വത്തിൽ സ്വാഗതത്തിന്റെ അവതരണം നടക്കും. ബി കെ ഹരിനാരായണനാണ് കലോത്സവ സ്വാഗത ഗാനം ചിട്ടപ്പെടുത്തിയിട്ടുള്ളത്. കലോത്സവ തീം സോങ് പാലക്കാട് പൊറ്റശ്ശേരി സ്‌കൂളിലെ വിദ്യാർത്ഥികളാണ് ഒരുക്കിയിട്ടുള്ളത്.
വേദികളുടെ പേരുകളിൽ താമര ഒഴിവാക്കിയത് നേരത്തെ വിവാദമായിരുന്നു. യുവമോര്‍ച്ചയടക്കം താമരയുമായി പ്രതിഷേധിച്ചിരുന്നു.മറ്റ് പൂക്കളുടെ പേര് നൽകിയപ്പോൾ താമര ഒഴിവാക്കിയത് രാഷ്ട്രീയമാണെന്ന ആരോപണവും ഉയര്‍ന്നിരുന്നു. എന്നാൽ, സംഭവം വിവാദമായതോടെ വേദി 15ന് താമര എന്ന പേരിടുകയായിരുന്നു. വേദിക്ക് താമര എന്ന പേര് നൽകാനുള്ള തീരുമാനത്തെ ബിജെപി സ്വാഗതം ചെയ്തിരുന്നു.
വിപുലമായ സൗകര്യങ്ങളാണ് ഇത്തവണയും ഏർപ്പെടുത്തിയിട്ടുള്ളത്. പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് കലവറയിൽ ഭക്ഷണവിഭവങ്ങളൊരുക്കുന്നത്. 25വേദികളിലും ആംബുലൻസ്, കുടിവെള്ളം എന്നിവ സജ്ജമാക്കിയിട്ടുണ്ട്. നഗരത്തിന് ചുറ്റുമായി 20 സ്‌കൂളുകളിലാണ് താമസസൗകര്യം ഒരുക്കിയിട്ടുള്ളത്. വേദികളിലും താമസ കേന്ദ്രങ്ങളിലും പോലീസ് നിരീക്ഷണമുണ്ടാകും.
