ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് ആശ്വാസകരമായ പ്രഖ്യാപനവുമായി ജർമ്മനി ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് ഇനിമുതൽ ട്രാൻസിറ്റ് വിസ ആവശ്യമില്ല. ഇന്ത്യ-ജർമ്മനി സംയുക്തപ്രസ്‌താവനയിലാണ് പ്രഖ്യാപനം.
മുൻപ് ജർമ്മൻ വിമാനത്താവളങ്ങൾവഴി മറ്റ് രാജ്യങ്ങളിലേയ്ക്ക് പോകണമെങ്കിൽ പ്രത്യേക ട്രാൻസിറ്റ് വിസയ്ക്ക് അപേക്ഷിക്കണമായിരുന്നു. എന്നാൽ ഇനിമുതൽ ഈ പ്രത്യേക വിസയില്ലാതെ ജർമ്മൻ വിമാനത്താവളങ്ങൾ വഴി മറ്റ് രാജ്യങ്ങളിലേക്ക് ഇന്ത്യക്കാർക്ക് യാത്രചെയ്യാനാകും. ജർമ്മനി ഇന്ത്യ നയതന്ത്രബന്ധം കൂടുതൽ ദൃഢപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് ജർമ്മനി ഈ പ്രത്യേക യാത്ര ഇളവ് ഇന്ത്യൻ വിദേശ യാത്രികർക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ജർമ്മൻചാൻസലർ ഫ്രൈഡ്റിച്ച് മെഴ്‌സിന്റെ ഇന്ത്യാസന്ദർശനത്തിൻ്റെ ഭാഗമായാണ് പ്രഖ്യാപനം.
മേഴ്‌സ് ചാൻസലറായ ശേഷം നടത്തുന്ന ആദ്യ ഇന്ത്യസന്ദർശനവും ആദ്യ ഏഷ്യസന്ദർശനവുമാണിത്. വിസാഫ്രീ ട്രാൻസിറ്റ് ഏർപ്പെടുത്തിയ നടപടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി ജർമ്മൻചാൻസലർക്ക് നന്ദി അറിയിച്ചു. ജർമ്മനി പ്രഖ്യാപിച്ച ട്രാൻസിറ്റ് വിസ ഇളവ് ഇന്ത്യക്കാരുടെ അന്തരാഷ്ട്രയാത്ര കൂടുതൽ സുഗമമാക്കും. ഇരുരാജ്യങ്ങളിലെ ജനങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകാൻ സാഹചര്യമൊരുങ്ങുമെന്നും ഇരുനേതാക്കളും ആവർത്തിച്ചു.
പഠനത്തിനും ഗവേഷണത്തിനും ജോലിക്കുമായി ജർമ്മനിയിലേയ്ക്ക് പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെയും ഉദ്യോഗാർത്ഥികളുടെയും എണ്ണത്തിൽ ഗണ്യമായവർദ്ധനവ് സംഭവിച്ചിട്ടുണ്ട്. ഇത് ജർമ്മൻ സമ്പദ് വ്യവസ്ഥയ്ക്ക് നൽകുന്ന പങ്ക് വളരെ വലുതാണ്. ഇത്‌കൂടി പരിഗണിച്ചാണ് ജർമ്മനി ഇന്ത്യക്കാർക്ക് യാത്ര ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.
