തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ സംവാദത്തിന് വെല്ലുവിളിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കേന്ദ്രത്തിനെതിരെ സംസ്ഥാന സർക്കാർ നടത്തുന്ന പ്രതിഷേധങ്ങൾ വെറും രാഷ്ട്രീയ നാടകമാണെന്നും ജനശ്രദ്ധ തിരിക്കാനുള്ള നീക്കമാണിതെന്നും അദ്ദേഹം ആരോപിച്ചു.

സംസ്ഥാനത്തിന്റെ സാമ്പത്തിക തകർച്ചയുടെ ഉത്തരവാദിത്തം കേന്ദ്രത്തിനുമേൽ കെട്ടിവെക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. യുപിഎ ഭരണകാലത്ത് കേരളത്തിന് ലഭിച്ചതിനേക്കാൾ വലിയ തുക മോദി സർക്കാർ നൽകിയിട്ടുണ്ടെന്ന് അദ്ദേഹം കണക്കുകൾ നിരത്തി വ്യക്തമാക്കി.

യുപിഎ സർക്കാർ കേരളത്തിന് 72,000 കോടി രൂപ നൽകിയപ്പോൾ മോദി സർക്കാർ ഇതുവരെ 3.2 ലക്ഷം കോടി രൂപ സംസ്ഥാനത്തിന് കൈമാറി. പിണറായി സർക്കാരിന്റെ കാലത്ത് സംസ്ഥാനത്തിന്റെ കടം മൂന്ന് മടങ്ങായി വർധിച്ചു. വിലക്കയറ്റം 8.27 ശതമാനമായും തൊഴിലില്ലായ്മ 30 ശതമാനമായും ഉയർന്നു.

സംസ്ഥാനത്തെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തെക്കുറിച്ചും അദ്ദേഹം വിമർശനം ഉന്നയിച്ചു. 54 ലക്ഷം വീടുകളിൽ കുടിവെള്ളമില്ലെന്നും 5.5 ലക്ഷം പേർക്ക് ഇന്നും സ്വന്തമായി വീടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നുണകൾ പ്രചരിപ്പിച്ച് ജനങ്ങളെ വിഡ്ഢികളാക്കാനുള്ള ശ്രമം മുഖ്യമന്ത്രി നിർത്തണമെന്നും വസ്തുതകളുടെ അടിസ്ഥാനത്തിൽ സംവാദത്തിന് തയ്യാറാകണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.