രാഹുൽ മാങ്കൂട്ടത്തിലിനെതിരായ വിഷയത്തിൽ ഇനി തന്റെ ഭാഗത്ത് നിന്ന് ഒരു പ്രതികരണവും ഉണ്ടാകില്ലെന്ന് ഷാഫി പറമ്പിൽ എം.പി. വിഷയത്തിൽ നിയമം എന്ത് നടപടിയാണോ എടുക്കുന്നത് അതിനെതിരായി കോൺഗ്രസ് പാർട്ടിയോ അതിന്റെ നേതാക്കളോ ഒരു നിലപാടും എടുക്കില്ലെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോൾ കോൺഗ്രസ് പാർട്ടിയുടെ ഭാഗമല്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

‘രാഹുലിനെതിരെ ആരോപണം വന്നപ്പോൾ തന്നെ പാർട്ടി സസ്‌പെൻഡ് ചെയ്തിരുന്നു. വിഷയത്തിൽ പരാതി ലഭിച്ചപ്പോൾ പാർട്ടി തന്നെയാണ് അത് പോലീസിന് കൈമാറിയത്. പിന്നാലെ അയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട കേസ് ഇപ്പോൾ നിയമപരമായി മുന്നോട്ടുപോവുകയാണ്. അതിൽ നീതി നടപ്പാവട്ടെ. എന്താണോ സത്യസന്ധമായ കാര്യം, അത് പോലീസിന്റെ അന്വേഷണത്തിലൂടെ പുറത്തുവരട്ടെ.

രാഹുൽ മാങ്കൂട്ടത്തിൽ തെറ്റുകാരനാണ് എന്ന് തെളിഞ്ഞാൽ പിന്നീട് എന്താണ് ചെയ്യേണ്ടതെന്ന് നിയമം തീരുമാനിക്കട്ടെ. അതിന് തടസമായിട്ട് കോൺഗ്രസ് പാർട്ടിയോ, കോൺഗ്രസ് പാർട്ടിയിലെ അദ്ദേഹത്തിന്റെ സഹപ്രവർത്തകരോ സുഹൃത്തുക്കളോ ആയ ആരും ഇറങ്ങിനിൽക്കില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. അതിനുള്ള എല്ലാ സാധ്യതകളും, എല്ലാ സാഹചര്യങ്ങളും പാർട്ടി ഒരുക്കിയിട്ടുണ്ട്.