ന്യൂസിലാന്‍ഡിനെതിരായ ഇന്ത്യയുടെ ആദ്യ ഏകദിനത്തിന് പിന്നാലെ ആരാധകര്‍ക്കെതിരെ പൊട്ടിത്തെറിച്ച് സൂപ്പര്‍ താരം വിരാട് കോഹ്‌ലി. മത്സരത്തില്‍ ഇന്ത്യയുടെ ബാറ്റിങ്ങില്‍ ഓപ്പണര്‍ രോഹിത് ശര്‍മ പുറത്തായതിന് പിന്നാലെ ആര്‍പ്പുവിളിച്ചതാണ് കോഹ്‌ലിയെ ചൊടിപ്പിച്ചത്. രോഹിത്തിന്റെ വിക്കറ്റ് വീണതിന് പിന്നാലെ വണ്‍ഡൗണായി വിരാട് കോഹ്‌ലി ക്രീസിലെത്തുന്നതിന്റെ ആവേശത്തിലാണ് വഡോദരയിലെ കാണികള്‍ ആര്‍പ്പുവിളിച്ചത്.
മത്സരശേഷം കോഹ്‌ലി ഇതിനെതിരെ ശക്തമായി തുറന്നടിച്ച് സംസാരിക്കുകയും ചെയ്തു. ആരാധകരുടെ സ്‌നേഹത്തിന് നന്ദി പറയുമ്പോഴും സഹതാരങ്ങള്‍ പുറത്താകുമ്പോള്‍ ആഘോഷിക്കുന്നത് തന്നെ അല്‍പം അസ്വസ്ഥനാക്കുന്നുണ്ടെന്നും വിരാട് വെളിപ്പെടുത്തി. ഐപിഎല്ലില്‍ ചെന്നൈ സൂപ്പർ കിംഗ്സിന്‍റെ ഇതിഹാസതാരം എം എസ് ധോണിയുടെ കാര്യത്തിലും ഇതേ സംഭവം കണ്ടിട്ടുണ്ടെന്നും കോഹ്ലി ചൂണ്ടിക്കാട്ടി.
