തിരുവനന്തപുരം: കേരളത്തിലെ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാര്‍ നാളെ (ജനുവരി 13 ചൊവ്വ) മുതല്‍ സമരത്തിലേക്ക്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ജനുവരി 13 മുതല്‍ മെഡിക്കല്‍ കോളേജില്‍ അധ്യാപനം നിര്‍ത്തിവെച്ച് അനിശ്ചിതകാല സമരം നടത്തും. പിന്നീടുള്ള ആഴ്ചയില്‍ അടിയന്തരമല്ലാത്ത ചികിത്സകള്‍ നിര്‍ത്തിവെക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് കെജിഎംസിറ്റിഎ അറിയിച്ചു.

നിസ്സഹകരണ സമരം ശക്തമാക്കുമെന്നും ഡോക്ടര്‍മാരുടെ സംഘടന വ്യക്തമാക്കി. അത്യാഹിത വിഭാഗം, ലേബര്‍ റൂം, ഐസിയു, കിടിത്തി ചികിത്സ, അടിയന്തര ചികിത്സകള്‍, അടിയന്തര ശസ്ത്രക്രിയകള്‍, പോസ്റ്റ്‌മോര്‍ട്ടം തുടങ്ങിയവയെ പ്രതിഷേധ പരിപാടികളില്‍ നിന്ന് ഒഴിവാക്കിയതായി സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു.

ശമ്പളം പരിഷ്‌കരണ ഉത്തരവിലെ അപാകതകള്‍ പരിഹരിക്കുക, ശമ്പളം ഡിഎ കുടിശിക നല്‍കുക, താത്കാലിക അല്ലെങ്കില്‍ കൂട്ടസ്ഥലംമാറ്റം ഒഴിവാക്കുക, ആവശ്യത്തിന് തസ്തികകള്‍ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഈ ആവശ്യങ്ങള്‍ വര്‍ഷങ്ങളോളം ഉന്നയിച്ചിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നിലപാട് ഉണ്ടാകാത്തതിനെ തുടര്‍ന്ന് 2025 ജൂലൈ 1 മുതല്‍ കെജിഎംസിറ്റിഎ പ്രതിഷേധത്തിലാണ്.

ഒപി ബഹിഷ്‌കരണം ഉള്‍പ്പെടെയുള്ള സമര പരിപാടികള്‍ നടന്നതിനെ തുടര്‍ന്ന്, നവംബറില്‍ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടന്നിരുന്നു. ന്യായമായ ആവശ്യങ്ങള്‍ നടപ്പാക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കുകയും ചെയ്തു. എന്നാല്‍ നടപടിയില്ലാത്തതിനെ തുടര്‍ന്നാണ് വീണ്ടും സമരത്തിനിറങ്ങുന്നത്. ജനുവരി 19ന് സെക്രട്ടേറിയേറ്റ് ധര്‍ണയും ഡോക്ടര്‍മാര്‍ തീരുമാനിച്ചിട്ടുണ്ട്.