കൊച്ചി : എറണാകുളം ജില്ലയിൽ ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. കഴിഞ്ഞ തവണ നഷ്ടപ്പെട്ട 5 എണ്ണം ഉൾപ്പെടെ ജില്ലയിലെ 14 സീറ്റുകളും പിടിക്കുകയാണ് ലക്ഷ്യം. സ്ഥാനാര്‍ഥി നിർണയത്തിൽ കൂട്ടലും കിഴിക്കലും സജീവം. യുഡിഎഫിന്റെ ഒൻപതു സിറ്റിങ് എംഎൽമാരും മത്സരിക്കാനുള്ള സാധ്യത നില‍നിൽക്കുമ്പോഴും ചില സീറ്റുകളിൽ മാറ്റം വന്നേക്കാമെന്ന സൂചനകളുമുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ജില്ലയായതിനാൽ കോൺഗ്രസിന് അഭിമാന പോരാട്ടം കൂടിയാണ്. അതിനാൽ അസ്വാരസ്യങ്ങൾ പരമാവധി ഒഴിവാക്കിയുള്ള സ്ഥാനാർഥി നിർണയമാണ് ലക്ഷ്യമിടുന്നതെന്ന് ജില്ലാ നേതാക്കൾ പറയുന്നു. എൽഡിഎഫിന്റെ പക്കലുള്ള 5 സീറ്റുകളിൽ ആരൊക്കെ മത്സരിക്കും എന്നതിനൊപ്പം ചില സിറ്റിങ് എംഎൽഎമാർക്ക് മാറ്റമുണ്ടാകുമോ എന്ന ചർച്ചകളും സജീവം.