ചെന്നൈ : വിജയ് ചിത്രം ‘ജനനായക’ന്റെ സെൻസർ സർട്ടിഫിക്കറ്റ് വിഷയത്തിൽ മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ നിർമാതാക്കൾ സുപ്രീംകോടതിയെ സമീപിച്ചു. 500 കോടിയോളം മുതൽമുടക്കി നിർമിച്ച ചിത്രം റിലീസ് ചെയ്യാൻ കഴിയാത്തതിനാൽ വൻ നഷ്ടം നേരിടുകയാണെന്നും കേസ് നാളെ പരിഗണിക്കണമെന്നും അഭ്യർഥിച്ചിട്ടുണ്ട്. സിനിമയ്ക്ക് യുഎ സർട്ടിഫിക്കറ്റ് നൽകണം എന്ന സിംഗിൾ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് താൽക്കാലികമായി സ്റ്റേ ചെയ്തിരുന്നു. കേസ് 21നു വീണ്ടും പരിഗണിക്കാനിരിക്കെയാണു നിർമാതാക്കൾ സുപ്രീംകോടതിയെ സമീപിച്ചത്.
ഇതിനിടെ, സെൻസർ ബോർഡിനെതിരെ കമൽഹാസൻ എംപി രംഗത്തെത്തി. സർട്ടിഫിക്കേഷൻ നടപടികളിൽ സമൂല മാറ്റം വേണമെന്നും സർട്ടിഫിക്കേഷനു സമയപരിധി നിശ്ചയിക്കണമെന്നും ആവശ്യപ്പെട്ട കമൽ, മാറ്റങ്ങൾക്കായി ഒരുമിച്ചു ശബ്ദമുയർത്തേണ്ട സമയമാണെന്നും പറഞ്ഞു. അതേസമയം, സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകിയ ശിവകാർത്തികേയൻ ചിത്രം ‘പരാശക്തി’ റിലീസ് ചെയ്തു. തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ മകൻ ഇൻപനിധിയുടെ റെഡ് ജയന്റ് മൂവീസാണ് പരാശക്തിയുടെ വിതരണക്കാർ.
