കേരള സംസ്ഥാന റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ സ്വിഫ്റ്റ് (കെഎസ്ആർടിസി-സ്വിഫ്റ്റ്) വനിതാ ഡ്രൈവർ കം കണ്ടക്ടർ തസ്തികകളിലേക്കുള്ള നിയമനത്തിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. തിരുവനന്തപുരം ജില്ലാ പരിധിയിൽ സർവീസ് നടത്തുന്ന ബസുകളിലാണ് നിയമനം നടത്തുന്നത്. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി ജനുവരി 21 വൈകിട്ട് അഞ്ച് മണി വരെയാണ്.
താൽപ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് കെഎസ്ആർടിസി സ്വിഫ്റ്റ് വെബ്‌സൈറ്റിലൂടെ http://www.cmd.kerala.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം. പത്താം ക്ലാസ് അല്ലെങ്കിൽ തുല്യ യോഗ്യതയാണ് അപേക്ഷിക്കുന്നവർക്കുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. 20 മുതൽ 30/45 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
അപേക്ഷകർക്ക് സാധുവായ ലൈറ്റ് മോട്ടോർ വെഹിക്കിൾ (LMV) അല്ലെങ്കിൽ ഹെവി പാസഞ്ചർ വെഹിക്കിൾ (HPV) ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരിക്കണം. പാസഞ്ചർ വാഹനങ്ങൾ ഓടിക്കുന്നതിന് പ്രാപ്തരായ ആരോഗ്യവതികൾ ആയിരിക്കണം അപേക്ഷിക്കുന്ന വനിതകൾ. എട്ട് മണിക്കൂർ ഡ്യൂട്ടിക്ക് (ഒരു ദിവസം) 715 രൂപയാണ് വേതനം. നിശ്ചിത സമയത്തിന് പുറമേ അധിക ഡ്യൂട്ടി ചെയ്യുന്നവർക്ക് മണിക്കൂറിന് 130 രൂപ വീതം അധിക വേതനം നൽകുന്നതാണ്.
തിരഞ്ഞെടുക്കുന്നവർക്ക് ശമ്പളത്തിന് പുറമെ ഇൻസെന്റീവ്, അലവൻസ് തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും. എഴുത്ത് പരീക്ഷ, ഡ്രൈവിങ് ടെസ്റ്റ്, ഇന്റർവ്യൂ എന്നിവയാണ് തിരഞ്ഞെടുപ്പ് പ്രക്രിയ. എഴുത്ത് പരീക്ഷയിൽ വിജയിക്കുന്നവരെയാണ് ഡ്രൈവിങ് ടെസ്റ്റിനും പിന്നീട് ഇന്റർവ്യൂവിനും ക്ഷണിക്കുക. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പരിശീലനം ഉണ്ടായിരിക്കും.
അപേക്ഷ സമർപ്പിക്കുമ്പോൾ ഉദ്യോഗാർത്ഥികളുടെ വിദ്യാഭ്യാസ യോഗ്യത, പ്രായം, ഡ്രൈവിങ് ലൈസൻസ് എന്നിവ തെളിയിക്കുന്ന രേഖകൾ, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ അപ്‌ലോഡ് ചെയ്യണം. 200 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ 10 ദിവസത്തിനുള്ളിൽ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പിസിസി) ഹാജരാക്കണം. ജോലി സമയത്ത് അശ്രദ്ധമൂലം വാഹനത്തിനോ സ്വത്തിനോ കേടുപാടുകൾ സംഭവിച്ചാൽ, ശമ്പളത്തിൽ നിന്ന് പിടിക്കുന്നതാണ്.
