കൊച്ചി: ഏറെക്കാലത്തെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഐഎസ്എൽ ഫുട്‌ബോൾ ഫെബ്രുവരിയിൽ ആരംഭിക്കാനിരിക്കേ, ‘നഷ്ടക്കളി’യുടെ ആശങ്കയിൽ ക്ലബ്ബുകൾ. ഇത്തവണ ഐഎസ്എലിൽ കളിക്കാനിറങ്ങിയാൽ കുറഞ്ഞത് 30 കോടിയുടെ നഷ്ടമുണ്ടാകുമെന്നാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് മാനേജ്മെന്റിന്റെ കണക്കുകൂട്ടൽ. മുൻവർഷങ്ങളിലെല്ലാം നഷ്ടത്തിലായിരുന്ന ബ്ലാസ്‌റ്റേഴ്‌സിന് ഇക്കുറിയും കളിക്കാനിറങ്ങിയാൽ വലിയ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്ന ആശങ്കയുണ്ട്. സർക്കാർതന്നെ മുൻകൈയെടുത്ത് നടത്തുന്നതിനാൽ ഇക്കുറി ഐഎസ്എലിൽ കളിക്കാതിരുന്നാൽ ടീമിനെ ബാധിക്കുമെന്ന ആശങ്കയുമുണ്ട്.
ഓരോ സീസണിലും ടീമിനെ ഇറക്കാൻ ബ്ലാസ്‌റ്റേഴ്‌സിന് ശരാശരി 50 കോടി രൂപവേണം. കളിക്കാരുടെ ശമ്പളയിനത്തിലാണ് കൂടുതൽ ചെലവ്. ഹോം ഗ്രൗണ്ടായ കലൂരിലെ ജവാഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ ഒരു കളിക്ക് വാടകയായി 10 ലക്ഷം രൂപ നൽകണം. സുരക്ഷ ഒരുക്കാനും ടീമിന്റെ യാത്രകൾക്കും വലിയ ചെലവുണ്ട്. പരിശീലനത്തിനിറങ്ങുന്ന ഗ്രൗണ്ടിലെ പുല്ല് നനക്കാൻ ദിവസം 30,000 ലിറ്റർ വെള്ളം വേണം. അതിൽത്തുടങ്ങി കളിക്കാരുടെ പഞ്ചനക്ഷത്ര ഹോട്ടലിലെ താമസംവരെ പലവിധ ചെലവുകൾ വേറെയുണ്ട്. മുൻവർഷങ്ങളിലെ നഷ്ടം 10 കോടി മുൻവർഷങ്ങളിൽ ഒരു സീസണിൽ ടീമിന് ശരാശരി 12 കോടിയോളം രൂപയുടെ നഷ്ടമുണ്ടാകുന്നു എന്നാണ് കണക്ക്. ശരാശരി 20 കോടിയോളം രൂപ സ്‌പോൺസർഷിപ്പ് മുഖേന ഓരോ സീസണിലും ലഭിക്കും. സംപ്രേഷണ അവകാശത്തിന്റെ സെന്റർ പൂളിൽ 275 കോടി രൂപയാണ് ഐഎസഎലിന് കഴിഞ്ഞവർഷം ലഭിച്ചത്. ഇതിലെ വിഹിതമായി 17 കോടിയോളം രൂപ ബ്ലാസ്റ്റേഴ്‌സിന് ലഭിച്ചു. ടിക്കറ്റ് വിൽപ്പനയിൽനിന്ന് അഞ്ചുകോടിയോളം രൂപ ലഭിക്കും. ഇതെല്ലാം കൂട്ടിയാൽ ആകെ വരുമാനം 42 കോടിയാണ്. ശരാശരി 52 കോടി രൂപയുടെ ചെലവും. സീസണിലെ നഷ്ടം 10 കോടിയിലേറെ രൂപ. നഷ്ടസാധ്യത 30 കോടി ഇത്തവണ ടീമിനെ ഇറക്കിയാൽ മറ്റുപല ചെലവുകളും വെട്ടിക്കുറച്ചാലും 40 കോടിയോളം രൂപ ചെലവാകുമെന്ന് കണക്കുകൂട്ടുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ മികച്ച സ്‌പോൺസർഷിപ്പുകൾക്ക് സാധ്യതയില്ലാത്തതിനാൽ ആ വഴി കാര്യമായ വരുമാനമുണ്ടാകില്ല. ടിക്കറ്റ് വരുമാനം ഉൾപ്പെടെയുള്ള പല വഴികൾ നോക്കിയാലും പരമാവധി 10 കോടി രൂപയാണ് മാനേജ്‌മെന്റ് പ്രതീക്ഷിക്കുന്നത്. അങ്ങനെ നോക്കിയാൽ ഇത്തവണ 30 കോടിയുടെ നഷ്ടമുണ്ടാകുമെന്നുകരുതുന്നു.
