ചെന്നൈ: ജീവനൊടുക്കാനായി എലിവിഷം ഓർഡർ ചെയ്ത യുവതിയെ ബ്ലിങ്കിറ്റ് ഡെലിവറി ഏജന്റ് രക്ഷിച്ചു. മൂന്ന് പാക്കറ്റ് എലിവിഷത്തിനാണ് യുവതി ഓർഡർ ചെയ്തത്. വൈകാതെ സാധനവുമായി വീട്ടിലെത്തിയ ഡെലിവറി ഏജന്റ് യുവതിയുടെ പരിതാപകരമായ അവസ്ഥയിൽ ഇടപെടുകയും അവരോട് സംസാരിക്കുകയും പിന്തിരിപ്പിക്കുകയുമായിരുന്നു.

ഡെലിവറിക്കായി വാതിൽ തുറന്ന സ്ത്രീ വിഷമത്തിലായിരുന്നു. കണ്ണീർ ഒഴുകുന്നുണ്ടായിരുന്നു.

ഡെലിവറി ഏജന്റ് അവരോടു സൗമ്യമായി സംസാരിക്കുകയും മാനസികാവസ്ഥ മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്തു. ഹാനികരമായ ഉദ്ദേശ്യങ്ങളില്ലെന്ന് നിഷേധിച്ചെങ്കിലും ഡെലിവറി ഏജന്റ് തന്റെ ആശങ്കകൾ പങ്കുവെച്ചു. കുറേ നേരം അവിടെനിന്ന അയാൾ അനുകമ്പയോടെ സംസാരിച്ചു. ജീവിതം വിലപ്പെട്ടതാണെന്നും വിഷമഘട്ടങ്ങൾ കടന്നുപോകുമെന്നും ഓർമ്മിപ്പിച്ചു. സംസാരത്തെ തുടർന്ന് തീരുമാനത്തിൽനിന്ന് യുവതി പിൻവാങ്ങി. ഓർഡർ റദ്ദാക്കി എലിവിഷം തിരികെ കൊണ്ടുപോയി. ഡെലിവറി ഏജന്റ് തന്നെയാണ് ഈ സംഭവം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. വൈകാതെ ഇയാളെ അഭിനന്ദിച്ചുകൊണ്ടുള്ള സന്ദേശങ്ങളാൽ പേജ് നിറഞ്ഞു. ‘ആകെ മൂന്ന് പാക്കറ്റ് എലിവിഷം. അവർ എന്തു ചിന്തിച്ചാണ് ഇത് ഓർഡർ ചെയ്തതെന്ന് എനിക്കറിയില്ല. പക്ഷെ അവർ കരയുന്നത് കണ്ടപ്പോൾ, അവർക്ക് എന്തോ പ്രശ്‌നമുണ്ടെന്നും ഇത് ഓർഡർ ചെയ്തതെന്നും ഞാൻ കരുതി. പക്ഷെ ഉപഭോക്താവിന്റെ ലൊക്കേഷനിൽ എത്തിയപ്പോൾ, എനിക്കിത് കൈമാറാൻ കഴിഞ്ഞില്ല. അവർ കരഞ്ഞുകൊണ്ടിരുന്നു. അപ്പോൾ ഞാൻ അടുത്തേക്ക് ചെന്ന് ‘എന്തു പ്രശ്‌നമുണ്ടെങ്കിലും ആത്മഹത്യ ചെയ്യരുത്’ എന്ന് പറഞ്ഞു, ‘ആത്മഹത്യ ചെയ്യാനാണോ ഇത് ഓർഡർ ചെയ്തത്?’ എന്ന് ചോദിച്ചു. അവൾ മറുപടി പറഞ്ഞത്, ‘ഇല്ല ബ്രോ, അങ്ങനെയല്ല’ എന്നാണ്. ഞാൻ പറഞ്ഞു, ‘ഇല്ല, കളവ് പറയരുത്. നിങ്ങൾക്ക് ആത്മഹത്യ ചെയ്യണം. നിങ്ങൾക്ക് എലി ശല്യമുണ്ടായിരുന്നെങ്കിൽ ഒരു ഏഴ് മണിക്ക്, അല്ലെങ്കിൽ അതിന് മുൻപ് ഓർഡർ ചെയ്യാമായിരുന്നു. അടുത്ത ദിവസവും ആവാമായിരുന്നു. ഈ സമയത്ത് ഓർഡർ ചെയ്യാൻ മറ്റൊരു കാരണവുമില്ല.’ പിന്നീട്, ഞാൻ അവരെ ബോധ്യപ്പെടുത്തി ഓർഡർ റദ്ദാക്കി. ഞാൻ എന്തോ വലിയ കാര്യം ഇന്ന് ചെയ്തായി തോന്നുന്നു.’ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ഡെലിവറി ഏജന്റ് പറഞ്ഞു. ‘ഇമോഷണൽ ഇന്റലിജൻസ് ഉള്ള ഡെലിവറി ഹീറോ, അപൂർവ കോമ്പിനേഷൻ.’ എന്നാണ് ഈ പോസ്റ്റിനു താഴെവന്ന ഒരു കമന്റ്.’ഒരു റോബോട്ട് ആണെങ്കിൽ ഡെലിവറി ചെയ്‌തേനെ.’ എന്നും ‘സ്വയം ദോഷം വരുത്തുന്ന സംശയാസ്പദമായ വെബ്‌സൈറ്റുകൾ ബ്രൗസ് ചെയ്യുകയും അത്തരം സാധനങ്ങൾ ഓർഡർ ചെയ്യുകയും ചെയ്യുമ്പോൾ പോലീസിൽനിന്ന് ഉടൻ പ്രതികരണം ഉണ്ടാകണം. ഇത് ചെയ്യാൻ കഴിയും.’ എന്ന് മറ്റൊരാളും പ്രതികരിച്ചു. ‘ഇത് സേവനം നിരസിക്കലല്ല, ഇത് മനുഷ്യത്വത്തിന്റെ സാന്നിധ്യമാണ്. വിഷത്തിന് പകരം അനുകമ്പയാണ് അദ്ദേഹം നൽകിയത്. ബ്ലിങ്കിറ്റിന്റെ അൽഗോരിതം ഡെലിവറി ചെയ്യാൻ പറഞ്ഞു, പക്ഷെ അവന്റെ മനസ്സ് നിൽക്കാൻ പറഞ്ഞു. റേറ്റിങ്ങുകളിൽ മതിമറന്നിരിക്കുന്ന ലോകത്ത്, അവൻ ഉത്തരവാദിത്തം തിരഞ്ഞെടുത്തു. ചിലപ്പോൾ ധൈര്യശാലിയായ കാര്യം ‘ഇല്ല’ എന്ന് പറയുക എന്നതാണ്. യഥാർത്ഥ സാമൂഹിക ഉത്തരവാദിത്തം ഇങ്ങനെയാണ്.’ മറ്റൊരാൾ എഴുതി. പല ഉപയോക്താക്കളും ബ്ലിങ്കിറ്റ് മാനേജ്മെൻറിനോട് ഡെലിവറി പങ്കാളിയുടെ വേഗതയേറിയ ചിന്താഗതിയെയും അനുകമ്പയുള്ള പ്രവൃത്തിയെയും ഔദ്യോഗികമായി അംഗീകരിച്ച് പ്രതിഫലം നൽകണമെന്ന് അഭ്യർത്ഥിച്ചു. നിരവധി ആളുകൾ കമ്പനിയെ സമൂഹമാധ്യമങ്ങളിൽ ടാഗ് ചെയ്തു, നിർണായക നിമിഷത്തിൽ ഇടപെട്ട് ഒരുപക്ഷേ ജീവൻ രക്ഷിച്ച ഡെലിവറി ഏജന്റിനെ അഭിനന്ദിച്ചു. ഈ സംഭവത്തെക്കുറിച്ച് ബ്ലിങ്കിറ്റ് ഔദ്യോഗിക പ്രസ്താവനയോ പ്രതികരണമോ ഇതുവരെ നടത്തിയിട്ടില്ല.