വസായ് ∙ വസായ് വിരാർ മുനിസിപ്പൽ കോർപറേഷൻ (വിവിഎംസി) ഭരണം ബിജെപിക്കു ലഭിച്ചാൽ സംസ്ഥാന വിനോദസഞ്ചാര മന്ത്രാലയവുമായി ചേർന്നു വസായിൽ വിനോദസഞ്ചാര വികസനപ്രവർത്തനങ്ങൾ നടത്തുമെന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. ഒട്ടേറെ മലയാളി വോട്ടർമാരുള്ള വാർഡുകളിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർഥികളുടെ പ്രചാരണ പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ബിജെപി ഭരണത്തിലില്ലാത്തതിനാൽ കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികൾക്കു ഭൂമി പോലും അനുവദിക്കപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജേന്ദ്ര ഗാവിത് എംഎൽഎ, സ്ഥാനാർഥികളായ ഉത്തംകുമാർ, സാദന ദുരി, ചാരുശീല ഗരത്, മാത്യു കൊളാസൊ എന്നിവർ പ്രസംഗിച്ചു.