തിരുവനന്തപുരം: ഇന്ത്യൻ റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകളുടെ ചരിത്രത്തില്‍ ആദ്യമായി ഡിജിറ്റല്‍ സംവിധാനം നടപ്പിലാക്കി കെഎസ്‌ആർടിസി. യാത്രക്കാരുടെ ലഗേജുകള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി കെഎസ്‌ആർടിസി ഏർപ്പെടുത്തിയ ഡിജിറ്റല്‍ ക്ലോക്ക് റൂം സംവിധാനത്തിനാണ് തിരുവനന്തപുരത്ത് തുടക്കമായത്. തിരുവനന്തപുരം സെൻട്രല്‍ ഡിപ്പോയില്‍ നടന്ന ചടങ്ങ് ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്തു.
ഇതോടൊപ്പം ജീവനക്കാർക്കായി സജ്ജീകരിച്ച എസി വിശ്രമകേന്ദ്രവും മന്ത്രി തുറന്നുകൊടുത്തു. പഴയ രീതിയിലുള്ള മാനുവല്‍ രജിസ്റ്ററുകള്‍ക്ക് പകരം ക്യൂആർ കോഡ്/ഡിജിറ്റല്‍ ടോക്കണ്‍ ഉപയോഗിച്ചാണ് ലഗേജുകള്‍ സ്വീകരിക്കുന്നത്. സിസിടിവി നിരീക്ഷണവും ഡിജിറ്റല്‍ ട്രാക്കിംഗും ഉള്ളതിനാല്‍ ലഗേജുകള്‍ നഷ്ടപ്പെടാനോ മാറിപ്പോകാനോ ഉള്ള സാധ്യത ഒഴിവാക്കുന്നു. യാത്രക്കാർക്ക് സമയം ലാഭിക്കുന്നതിനും കൃത്യമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനും ഈ ആധുനിക സംവിധാനം സഹായിക്കും.
ആദ്യഘട്ടത്തില്‍ കേരളത്തിലെ പ്രധാനപ്പെട്ട ഒൻപത് ബസ് സ്റ്റേഷനുകളിലാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം സെൻട്രല്‍, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ആലുവ, അങ്കമാലി, മൂന്നാർ, കോഴിക്കോട് എന്നിവിടങ്ങളിലാണ് ആദ്യഘട്ടം. യാത്രക്കാരുടെ ദീർഘകാലമായുള്ള ആവശ്യത്തിനാണ് ഇതിലൂടെ പരിഹാരമാകുന്നത്. വരും ദിവസങ്ങളില്‍ സംസ്ഥാനത്തെ മറ്റ് പ്രധാന സ്റ്റേഷനുകളിലേക്കും ഈ സേവനം വ്യാപിപ്പിക്കുമെന്ന് കെഎസ്‌ആർടിസി അധികൃതർ അറിയിച്ചു.
