ഹെബ്ബാല്‍, ബിടിഎം ലേഔട്ട്, പീനിയ തുടങ്ങിയ ബെംഗളൂരുവിന്റെ ചില ഭാഗങ്ങളില്‍ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 150നും മുകളിലാണ്. ഇതുമൂലം പ്രദേശവാസികള്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ബെംഗളൂരു: രാജ്യത്തെ കാലാവസ്ഥയില്‍ വലിയ മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. ഈ വര്‍ഷം ലഭിച്ച മഴയുടെ അളവിലും കുറവ് സംഭവിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ മോശം കാലാവസ്ഥയിലൂടെ കടന്നുപോകുകയാണ്. കര്‍ണാടകയിലെ സ്ഥിതിയും സമാനം തന്നെ. കര്‍ണാടകയിലെ പ്രധാന നഗരങ്ങളായ ബെംഗളൂരു, മംഗളൂരു, മൈസൂരു എന്നിവിടങ്ങളില്‍ ശൈത്യകാലം, കനത്ത ഗതാഗതം, നിര്‍മാണം പ്രവര്‍ത്തനങ്ങള്‍ എന്നിവ കാരണം വായു നിലവാരം വളരെ മോശമാണ്.

ഹെബ്ബാല്‍, ബിടിഎം ലേഔട്ട്, പീനിയ തുടങ്ങിയ ബെംഗളൂരുവിന്റെ ചില ഭാഗങ്ങളില്‍ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 150നും മുകളിലാണ്. ഇതുമൂലം പ്രദേശവാസികള്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. മംഗളൂരുവില്‍ പൊതുവേ നല്ല വായു നിലവാരമാണ് അനുഭവപ്പെട്ടിരുന്നത്. എന്നാല്‍ ശൈത്യകാലത്തെ വാഹനങ്ങളുടെ ഒഴുക്കും നിര്‍മാണ പ്രവര്‍ത്തനങ്ങളും മംഗളൂരുവിനെയും ഐസിയുവിലാക്കി.

നഗരങ്ങളിലെ ഭൂരിഭാഗം ആളുകളും മാസ്‌കുകള്‍ ഉപയോഗിച്ചാണ് വീടിനുള്ളില്‍ പോലും കഴിയുന്നത്. പലര്‍ക്കും ശ്വസന സംബന്ധമായ അസുഖങ്ങളും പിടിപെട്ടു. വായു ഗുണനിലവാരം മെച്ചപ്പെടുന്നതുവരെ അതിരാവിലെയുള്ള നടത്തം പോലുള്ള ഔട്ട്‌ഡോര്‍ പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കണമെന്നാണ് വിദഗ്ധരുടെ നിര്‍ദേശം.

മലിനീകരണ സാധ്യത കുറയ്ക്കുന്നതിനായി എയര്‍ പ്യൂരിഫയറുകള്‍ ഉപയോഗിക്കാനും നിര്‍ദേശമുണ്ട്. ഹെബ്ബാലിലും വിവേകാനന്ദ നഗറിലുമുള്ള ഇടതൂര്‍ന്ന ഗതാഗത മാര്‍ഗങ്ങളാണ് നിലവില്‍ വെല്ലുവിളി സൃഷ്ടിക്കുന്നത്.

0-50: നല്ലത്
51-100: മിതമായത്
101-150: മോശം
151-200: അനാരോഗ്യകരമായത്
201-300: വളരെ അനാരോഗ്യകരമായത്
301-500: അപകടകരം

എന്നിങ്ങനെയാണ് എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സിലെ ഓരോ അളവുകളും സൂചിപ്പിക്കുന്നത്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും വായു ഗുണനിലവാര സൂചിക പതിവായി നിരീക്ഷിക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിക്കുന്നു.