ആഗ്ര: മുഗള്‍ ചക്രവർത്തി ഷാജഹാന്റെ 371-ാമത് ഉറൂസിനോട് അനുബന്ധിച്ച് താജ്മഹല്‍ സൗജന്യമായി കാണാൻ അവസരം. ജനുവരി 15,16,17 തീയതികളിലാണ് സന്ദർശകർക്ക് ടിക്കറ്റ് എടുക്കാതെ കാണാൻ അവസരം ഒരുക്കിയിരിക്കുന്നത്. ഷാജഹാന്റെയും മുംതാസിന്റെയും യഥാർത്ഥ കബറിടങ്ങള്‍ വർഷത്തില്‍ ഒരിക്കല്‍ ഉറൂസ് ദിനങ്ങളില്‍ മാത്രമേ സന്ദർശകർക്ക് കാണാൻ സാധിക്കാറുള്ളൂ.
എന്നാൽ കബറിടങ്ങള്‍ സ്ഥിതിചെയ്യുന്ന ഭൂഗർഭ അറ പൊതുജനങ്ങള്‍ക്കായി ഈ ദിവസങ്ങളില്‍ തുറന്നുകൊടുക്കുന്നതാണ്.
ജനുവരി 15,16 തീയതികളില്‍ ഉച്ചയ്ക്ക് രണ്ട് മുതലും ജനുവരി 17ന് മുഴുവൻ ദിവസവും താജ്മഹല്‍ സൗജന്യമായി കാണാം. ഏതാണ്ട് നാല് നൂറ്റാണ്ടുകള്‍ക്ക് മുൻപ് മുഗള്‍ സാമ്രാജ്യത്തിന്റെ അധിപൻ ഷാജഹാൻ ചക്രവർത്തി ഇന്ത്യ ഭരിച്ചിരുന്ന കാലത്താണ് താജ്‌മഹല്‍ നിർമ്മിച്ചത്.
ആധുനിക കാലത്തെ ലോകമഹാത്ഭുതങ്ങളില്‍ ഒന്നായാണ് ഈ കെട്ടിടം അറിയപ്പെടുന്നത്. സാധാരണ താജ്മഹല്‍ കോമ്ബൗണ്ടില്‍ പ്രവേശിക്കാൻ 50 രൂപയും താജ്മഹലിന് അകത്ത് കടക്കാൻ 200 രൂപയുമാണ് ഇന്ത്യാക്കാർക്കുള്ള ടിക്കറ്റ് നിരക്ക്. ഭൂട്ടാൻ, ബംഗ്ലാദേശ്, നേപ്പാല്‍, ശ്രീലങ്ക, മ്യാൻമർ, തായ്ലൻഡ് രാജ്യങ്ങളിലെയും സാർക് രാജ്യങ്ങളിലെയും പൗരന്മാർക്ക് 540 രൂപയാണ് ടിക്കറ്റ് നിരക്ക്. മറ്റ് വിദേശരാജ്യങ്ങളില്‍ നിന്നുള്ളവർക്ക് 1100 രൂപയാണ് ടിക്കറ്റ് നിരക്ക്.
